തിരുവനന്തപുരം: 47-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 2023ലെ അവാർഡുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ആട്ടം എന്ന സിനിമയെയാണ് മികച്ച ചിത്രമായി തെരഞ്ഞെടുത്തത്. ആനന്ദ് ഏകര്‍ഷി തന്നെയാണ് മികച്ച സംവിധായനും. ഗരുഡൻ എന്ന ചിത്രത്തിലെ അഭിനയത്തിന് ബിജുമേനോനും പൂക്കാലത്തിലെ വേഷത്തിന് വിജയരാഘവനും മികച്ച നടന്മാരായി. ശിവദ (ചിത്രം ജവാനും മുല്ലപ്പൂവും), സറിന് ഷിഹാബ് (ചിത്രം ആട്ടം) എന്നിവര്‍ മികച്ച നടിക്കുള്ള അവാര്‍ഡും സ്വന്തമാക്കി. സമഗ്ര സംഭാവനകളെ മാനിച്ച് നല്കുന്ന ചലച്ചിത്ര രത്നം പുരസ്കാരം മുതിര്‍ന്ന സംവിധായകനും തിരക്കഥാകൃത്തും നടനും നിര്‍മ്മാതാവുമായ ശ്രീനിവാസന് സമ്മാനിക്കും. തിരക്കഥാകൃത്തും സംവിധായകനും നടനും ഗാനരചയിതാവും സംഗീതസംവിധായകനുമെല്ലാമായ രാജസേനന് ക്രിട്ടിക്സ് റൂബി ജൂബിലി അവാര്‍ഡ് നല്‍കും.
ചലച്ചിത്ര പ്രതിഭാ പുരസ്കാരം നടനും നിര്‍മ്മാതാവുമായ മുകേഷ്, പ്രമുഖ നിര്‍മ്മാതാവും വിതരണക്കാരനുമായ കിരീടം ഉണ്ണി, നടന് പ്രേംകുമാര്‍, ചിത്രസംയോജക ബീന പോള്‍ വേണുഗോപാല്‍, തെന്നിന്ത്യന്‍ നടിയും സംവിധായകയുമായ സുഹാസിനി മണിരത്നം, എന്നിവര്‍ക്കും സമ്മാനിക്കും. കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച് ജൂറി കണ്ട് നിര്‍ണയിക്കുന്ന ഒരേയൊരു ചലച്ചിത്രപുരസ്കാരമാണ് ഫിലിം ക്രിട്ടിക്സ് അവാർഡ്. 69 ചിത്രങ്ങളാണ് ഇക്കുറി അപേക്ഷിച്ചത്. ഡോ.ജോര്‍ജ് ഓണക്കൂര്‍ ചെയര്‍മാനും തേക്കിന്‍കാട് ജോസഫ്, എ ചന്ദ്രശേഖര്‍, ഡോ. അരവിന്ദന് വല്ലച്ചിറ, മുരളി കോട്ടയ്ക്കകം എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.