കർണാടക : കെജിഎഫിന് ശേഷം കന്നഡ സൂപ്പർതാരം യഷ് നായകനാവുന്ന ‘ടോക്സിക്’ സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചു. സിനിമയുടെ ചിത്രീകരണത്തിനായി നൂറുകണക്കിന് മരങ്ങൾ മുറിച്ചെന്ന പരാതിയെ തുടർന്നാണ് സംസ്ഥാന വനം വകുപ്പ് ചിത്രീകരണം നിർത്തിവെപ്പിച്ചത്.
ചിത്രത്തിനായി ഏക്കർ കണക്കിന് സ്ഥലത്തെ നൂറുകണക്കിന് മരങ്ങൾ മുറിച്ചുമാറ്റിയെന്നാണ് ആരോപണം. സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കർണാടക വനം മന്ത്രി ഈശ്വർ ബി ഖണ്ഡ്ര പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബെംഗളൂരുവിലെ പീനിയയിലെ ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസിന്റെ (എച്ച്എംടി) കൈവശമുള്ള ഭുമിയിലെ മരങ്ങളാണ് മുറിച്ചുമാറ്റിയത്. മരങ്ങൾ മുറിച്ചതിന്റെ സാറ്റ്ലൈറ്റ് ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. മരം മുറിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ടോയെന്ന് സമഗ്രമായ അന്വേഷണം നടത്തുമെന്നും അനധികൃതമായി ഏതെങ്കിലും ഉദ്യേഗസ്ഥർ ഇതിൽ ഇടപ്പെട്ടിട്ടുണ്ടെങ്കിൽ കർശന അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്നും വനം മന്ത്രി പറഞ്ഞു.
എച്ച്എംടിയും സംസ്ഥാന വനംവകുപ്പും തമ്മിൽ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് നേരത്തെയും തർക്കം നിലനിൽക്കുന്നുണ്ട്. ബംഗളൂരുവിലെ പീനിയ പ്ലാന്റേഷനിലെ 599 ഏക്കർ വനഭൂമി 1960-കളിൽ ശരിയായ ഡി-നോട്ടിഫിക്കേഷൻ കൂടാതെ എച്ച്എംടിക്ക് അനധികൃതമായി കൈമാറ്റം ചെയ്തെന്നാണ് വനം, പരിസ്ഥിതി, പരിസ്ഥിതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ കുറിപ്പിൽ മന്ത്രി ആരോപിക്കുന്നത്.
എന്നാൽ എച്ച്എംടി പുനരുദ്ധാരണം നടത്തുന്നതിനുള്ള തന്റെ ശ്രമങ്ങൾക്ക് തുരങ്കം വെക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് കേന്ദ്രമന്ത്രി എച്ച് ഡി കുമാരസാമി ആരോപിച്ചു. ഭൂമി എച്ച്എംടിയുടെ കൈവശമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ആവശ്യമായ അനുമതികൾക്ക് ശേഷമാണ് തങ്ങൾ ചിത്രീകരണം ആരംഭിച്ചതെന്ന് ടോക്സിക് സിനിമയുടെ നിർമ്മാണ കമ്പനിയായ കെവിഎൻ പ്രൊഡക്ഷൻസ് പറഞ്ഞു.
ചിത്രീകരണത്തിനായി ഉപയോഗിച്ചത് സ്വകാര്യഭൂമിയാണെന്നും രേഖകൾ കൈവശമുണ്ടെന്നും നിർമാതാക്കൾ പറഞ്ഞു. നടി ഗീതുമോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സികിൽ ഹുമ ഖുറേഷി , നയൻതാര, അക്ഷയ് ഒബ്റോയ് എന്നിവരും പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്.