അനന്ത്പൂര്‍: ദുലീപ് ട്രോഫിയില്‍ ഇന്ത്യ എയ്ക്കെതിരായ മത്സരത്തില്‍ ഇന്ത്യ ഡിയുടെ സഞ്ജു സാംസണ് 40 റണ്‍സുമായി പുറത്ത്. ഷംസ് മുലാനിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ കുമാര്‍ കുശാഗ്രയ്ക്ക് വിക്കറ്റ് നല്‍കിയാണ് സഞ്ജു മടങ്ങുന്നത്. നന്നായി തുടങ്ങിയ ശേഷമായിരുന്നു സഞ്ജുവിന്റെ വീഴ്ച്ച. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ സഞ്ജു 45 പന്തുകളില്‍ മൂന്ന് വീതം സിക്സും ഫോറും നേടിയിരുന്നു. റിക്കി ഭുയിക്കൊപ്പം (62) റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. പുറത്തായെങ്കിലും സഞ്ജുവിന്റെ സിക്സുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സ്പിന്നര്‍മാര്‍ക്കെതിരെയായിരുന്നു മൂന്ന് സിക്സുകളും.
അതേസമയം, സഞ്ജു കൂടി പുറത്തായതോടെ ഇന്ത്യ എയ്ക്ക് വിജയപ്രതീക്ഷയായി. അഞ്ചിന് 225 എന്ന നിലയിലാണ് ഇന്ത്യ ഡി. ഭുയിക്കൊപ്പം സരണ്‍ഷ് ജെയ്ന്‍ (5) ക്രീസിലുണ്ട്. ഇന്ന് സഞ്ജുവിന് പുറമെ ഇന്ന് യഷ് ദുബെ (37), ദേവ്ദത്ത് പടിക്കല്‍ (1), ശ്രേയസ് അയ്യര്‍ (41) എന്നിവവരുടെ വിക്കറ്റുകളാണ് ഇന്ത്യ ഡിക്ക് നഷ്ടമായത്. അഥര്‍വ ടൈഡെ (0) ഇന്നലെ മടങ്ങിയിരുന്നു. നേരത്തെ ഇന്ത്യ എ രണ്ടാം ഇന്നിംഗ്സ് മൂന്നിന് 380 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. പ്രതം സിംഗ് (122), തിലക് വര്‍മ (111) എന്നിവരുടെ സെഞ്ചുറികളാണ് ഇന്ത്യ എയെ മികച്ച സ്കോറിലേക്ക് നയിച്ചത്. 488 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടുവച്ചത്. ഇന്ത്യ എയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 290നെതിരെ ഇന്ത്യ ഡി 183ന് എല്ലാവരും പുറത്തായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യ എയ്ക്ക് രണ്ടാം ഇന്നിംഗ്സില്‍ മികച്ച തുടക്കമാണ് ലഭിച്ചിരുന്നത്. ഓപ്പണര്‍മാരായ പ്രതം – മായങ്ക് അഗര്‍വാള്‍ (56) സഖ്യം ഒന്നാം വിക്കറ്റില്‍ 115 റണ്‍സ് കൂട്ടിചേര്‍ത്തു. മായങ്കിനെ നഷ്ടമായെങ്കിലും പ്രതമിനൊപ്പം ചേര്‍ന്ന് തിലക് 104 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇതിനിടെ പ്രതം സെഞ്ചുറിയും പൂര്‍ത്തിയാക്കി. പിന്നാലെ സൗരഭ് കുമാറിന് വിക്കറ്റ് നല്കി പുറത്തേക്ക്. ഒരു സിക്സും 12 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. നാലാമനായി ക്രീസിലെത്തിയ റിയാന്‍ പരാഗിന് (20) തിളങ്ങാനായില്ല. പിന്നീട് ശാശ്വത് റാവത്തിനെ (പുറത്താവാതെ 64) കൂട്ടുപിടിച്ച തിലക് 116 റണ്‍സ് ചേര്‍ത്തു. ഒമ്ബത് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു തിലകിന്റെ ഇന്നിംഗ്സ്.