തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡിലെ നഗരസഭാ കോംപ്ലകസില്‍ അഗ്‌നിബാധ. കെട്ടിടത്തിലെ താഴെ നിലയിലെ കെ.എസ്.ഇ.ബി മീറ്റര്‍ പാനല്‍ ബോര്‍ഡിനോട് ചേര്‍ന്ന് സ്ഥാപിച്ച സ്വിച്ച് ബോര്‍ഡിലാണ് തീപിടിച്ചത്.
കെട്ടിടത്തിലെ വിവിധ സ്ഥാപനങ്ങളിലേക്ക് വെള്ളമെത്തിക്കാന്‍ സ്ഥാപിച്ച മോട്ടോറിന്റെ സ്വിച്ച് ബോര്‍ഡാണ് കത്തി നശിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് വിവരം. അഗ്‌നിശമന സേനയുടെയും വ്യാപാരികളുടെയും സമയോചിതമായ ഇടപെടലില്‍ വന്‍ ദുരന്തമാണ് ഒഴിവായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചൊവ്വാഴ്ച്ച രാവിലെയാണ് തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡിലെ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിട സമുച്ചയത്തില്‍ തീപിടുത്തമുണ്ടായത്. തീപിടുത്തം ശ്രദ്ധയില്‍പ്പെട്ടയുടന്‍ കെട്ടിടത്തിലെ വ്യാപാരികള്‍ അഗ്‌നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ സ്ഥലത്തെത്തിയ അഗ്‌നിശമന സേനയാണ് തീയണച്ചത്.
വ്യാപാരികള്‍ കെ.എസ്.ഇ.ബിയില്‍ ബന്ധപ്പെട്ടെങ്കിലും ഫോണ്‍ എടുത്തില്ലെന്ന ആക്ഷേപമുണ്ട്. തുടര്‍ന്ന് വ്യാപാരികള്‍ തന്നെ മെയിന്‍ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. മീറ്റര്‍ പാനല്‍ ബോര്‍ഡിലേക്ക് തീപടരുന്നതിന് മുമ്പായി അഗ്‌നിശമന സേനയും വ്യാപാരികളും നടത്തിയ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്.