തിരുവനന്തപുരം: കരമനയില്‍ വന്‍ തീപിടുത്തം. പിആര്‍എസ് ആശുപത്രിക്ക് സമീപമാണ് വന്‍ തീപിടുത്തമുണ്ടായത്.് ആക്രിക്കടയില്‍ നിന്നാണ് തീ പടര്‍ന്നത്. സമീപത്തെ കടകളിലേക്കും വീടുകളിലേക്കും തീ പടരുകയാണ്. അന്‍പതോളം വീടുകളിലേക്ക് തീ പടര്‍ന്നേക്കുമെന്ന സാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് ജനപ്രതിനിധികള്‍ അറിയിച്ചു. നാട്ടുകാര്‍ വീടിനുള്ളില്‍ ഉണ്ടായിരുന്നവരെ രക്ഷപ്പെടുത്തി. ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം.
ആക്രിക്കടയില്‍ നിന്നും ചെറിയ രീതിയില്‍ പുക ഉയരുന്നത് കണ്ടതോടെ നാട്ടുകാര്‍ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. എന്നാല്‍ ചെറിയ ഫയര്‍എഞ്ചിനുമായി എത്തിയ സേനയ്ക്ക തീ അണയ്ക്കാന്‍ സാധിച്ചില്ല. പത്ത് മിനിറ്റിനകം വെള്ളം തീര്‍ന്നതോടെ അഗ്നിരക്ഷാ സേന തിരികെ പോയി. പിന്നീട് പതിനഞ്ച് മിനിറ്റിനു ശേഷമാണ് മൂന്ന് യൂണിറ്റ് എത്തി രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചത്. ഇലക്ട്രിക് ഉപകരണങ്ങളും ടയറുകളും കത്തുന്നതിനാല്‍ പ്രദേശത്ത് കറുത്ത പുകപടലം നിറഞ്ഞിരിക്കുകയാണ്. തൊട്ടടുത്ത ആശുപത്രിയിലേക്കും വീടുകളിലേക്കും പുക പടരുന്ന നിലയിലാണ്. ഇലക്ട്രിക് പോസ്റ്റും ലൈനും തീപിടച്ചതോടെ ജനം പരിഭ്രാന്തരായി. സംഭവ സ്ഥലത്തേക്ക് കൂടുതല്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തിക്കൊണ്ടിരിക്കുകയാണ്.