ദോഹ : ഏഷ്യൻ കപ്പ് ആവേശത്തിനിടെ ദോഹ വേദിയായ പ്രഥമ ഇ -ഏഷ്യൻ കപ്പില്‍ കിരീടം ചൂടി ഇന്തോനേഷ്യ. ദോഹ ഫെസ്റ്റിവല്‍ സിറ്റിയിലെ വെർച്വോസിറ്റി ഇ-സ്പോർട്സ് അറീനയില്‍ നടന്ന ചാമ്പ്യൻഷിപ്പില്‍ ജപ്പാനെ തോല്‍പിച്ചാണ് ഇന്തോനേഷ്യൻ സംഘം പ്രഥമ കിരീടമണിഞ്ഞത്.കാല്‍പന്തിനൊപ്പം, ഡിജിറ്റല്‍ ലോകത്ത് ആരാധകരെ സൃഷ്ടിച്ച് സ്വീകാര്യതയേറുന്ന ഇ-ഫുട്ബാളിന് ആദ്യമായാണ് എ.എഫ്.സി നേതൃത്വം നല്‍കിയത്. തിങ്കളാഴ്ചയായിരുന്നു സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍. സെമിയില്‍ ഇന്തോനേഷ്യ തായ്ലൻഡിനെ തോല്‍പിച്ചപ്പോള്‍ ജപ്പാൻ സൗദി അറേബ്യയെയും മറികടന്നു.
തുടർന്നു നടന്ന ഫൈനലില്‍ റിസ്കി ഫൈദാൻ, മുഹമ്മദ് അക്ബർ പൗഡി, എല്‍ഗ പുത്ര എന്നിവരായിരുന്നു ഇന്തോനേഷ്യക്കുവേണ്ടി മത്സരിച്ചത്. രണ്ടു ഭാഗങ്ങളായി നടന്ന ഫൈനലില്‍ ആദ്യമത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലും രണ്ടാം ഭാഗത്തില്‍ 1-0ത്തിനും ഇന്തോനേഷ്യ ജയിച്ചു. ആദ്യമായി അരങ്ങേറിയ ഇ-ഏഷ്യൻ കപ്പ് ആരാധക ലോകത്തും ഹിറ്റായി. രണ്ടു ലക്ഷത്തോളം പേരാണ് ഫൈനലിന് കാഴ്ചക്കാരായത്. പ്രഥമ ടൂർണമെന്‍റില്‍ ജേതാക്കളായ ഇന്തോനേഷ്യയെ ഏഷ്യൻ ഫുട്ബാള്‍ കോണ്‍ഫെഡറേഷൻ പ്രസിഡന്‍റ് ശൈഖ് സല്‍മാൻ ബിൻ ഇബ്രാഹിം ആല്‍ ഖലീഫ അഭിനന്ദിച്ചു.