തമിഴിലെ ആദ്യ 100 കോടി ക്ലബ്‌ 17 വർഷം മുൻപ്; ആദ്യം ആ നേട്ടം സ്വന്തമാക്കിയ താരം ആര്?

100 കോടി ക്ലബ്ബ് നേട്ടം ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി സ്വന്തമാക്കിയത് ബോളിവുഡ് ചിത്രങ്ങളാണ്. ഇന്ത്യന്‍ സിനിമയിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രവും മലയാളത്തിലെ ആദ്യ 100 കോടി ചിത്രവും തമ്മില്‍ നീണ്ട 22 വര്‍ഷത്തിന്‍റെ ദൈര്‍ഘ്യമുണ്ട്. മലയാള സിനിമ പുലിമുരുകനിലൂടെ ആദ്യമായി 100 കോടി നേട്ടത്തില്‍ എത്തുന്നതിന് ഒന്‍പത് വര്‍ഷത്തിന് മുന്‍പ് തമിഴ് സിനിമ ആ നേട്ടത്തിലെത്തി. രജനികാന്ത് ആണ് തമിഴ് സിനിമയില്‍ ആദ്യമായി 100 കോടി ക്ലബ്ബ് തുറന്ന നായക നടന്‍. ഷങ്കറിന്‍റെ സംവിധാനത്തില്‍ 2007 ല്‍ പുറത്തെത്തിയ ആക്ഷന്‍ ചിത്രം ശിവാജി: ദി ബോസ് ആണ് കോളിവുഡില്‍ ആദ്യമായി 100 കോടി ക്ലബ്ബില്‍ പ്രവേശിച്ചത്. മറ്റ് പ്രധാന താരങ്ങളായ വിജയ്, അജിത്ത് കുമാര്‍ എന്നിവരേക്കാളൊക്കെ ആദ്യം 100 കോടി നേടിയത് കമല്‍ ഹാസന്‍ ആണ്. കെ എസ് രവികുമാറിന്‍റെ സംവിധാനത്തില്‍ 2008 ല്‍ പുറത്തെത്തിയ സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ചിത്രം ദശാവതാരമാണ് കമലിന്‍റെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രം.

Advertisements

ഏറെ ആരാധകരുള്ള താരങ്ങളായ അജിത്ത് കുമാറും സൂര്യയും 2011 ലും ആദ്യമായി 100 കോടി ക്ലബ്ബില്‍ എത്തി. വെങ്കട് പ്രഭുവിന്‍റെ രചനയിലും സംവിധാനത്തിലുമെത്തിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം മങ്കാത്തയാണ് അജിത്ത് കുമാറിന്‍റെ ആദ്യ 100 കോടി ചിത്രം. സൂര്യയുടെ ആദ്യ 100 കോടി ചിത്രം 2011 ല്‍ പുറത്തെത്തിയ സയന്‍സ് ഫിക്ഷന്‍ മാര്‍ഷ്യല്‍ ആര്‍ട്സ് ചിത്രം ഏഴാം അറിവ് ആണ്. എ ആര്‍ മുരുഗദോസ് ആയിരുന്നു ഈ ചിത്രത്തിന്‍റെ രചനയും സംവിധാനവും. ആരാധകരുടെ കാര്യത്തില്‍ നിലവില്‍ ഒന്നാം സ്ഥാനത്തുള്ള വിജയ്ക്ക് കരിയറില്‍ ആദ്യമായി ഒരു 100 കോടി ചിത്രം ലഭിക്കുന്നത് 2012 ല്‍ ആണ്. അതും എ ആര്‍ മുരുഗദോസിന്‍റെ രചനയിലും സംവിധാനത്തിലും ആയിരുന്നു. ആക്ഷന്‍ ത്രില്ലര്‍ ചിത്രം തുപ്പാക്കിയാണ് അത്. അതേസമയം 2024 ല്‍ എത്തിനില്‍ക്കുമ്പോള്‍ 600 കോടി മറികടന്ന മൂന്ന് ചിത്രങ്ങള്‍ കോളിവുഡിന് ഉണ്ട്.

Hot Topics

Related Articles