മാന്നാനത്ത് മത്സ്യ കർഷകയുടെ മീൻകുളത്തിലെ മീനുകളെ സാമൂഹ്യ വിരുദ്ധർ കൊന്നതായി പരാതി. അമലഗിരി ഭാഗം പണ്ടാരക്കുളത്തിൽ ഷീലയുടെ മീൻ കുളത്തിലെ മീനുകളെയാണ് കൊന്നത്. ഒരു ലക്ഷത്തോളം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് 15ആം വാർഡ് മാന്നാനം അമലഗിരി ഭാഗം പണ്ടാരക്കുളത്തിൽ വി ആർ സാബു , ഭാര്യ ഷീല സാബു എന്നിവർ തങ്ങളുടെ വീടിനോട് ചേർന്ന് കുളത്തിൽ കൃഷി ചെയ്തുവന്നിരുന്ന മീനുകളെയാണ് സാമൂഹ്യവിരുദ്ധർ കൊന്നൊടുക്കിയത്. ബുധനാഴ്ച അർധരാത്രിക്ക് ശേഷമാണ് സംഭവമെന്നാണ് കരുതുന്നത്. രാത്രിയിൽ പട്ടിയുടെ കുര കേട്ട് ലൈറ്റ് ഇട്ട് നോക്കിയിരുന്നെങ്കിലും സംശയാസ്പദമായി ഒന്നും ശ്രദ്ധയിൽപ്പെട്ടില്ല. വ്യാഴാഴ്ച രാവിലെ മീനുകൾക്ക് തീറ്റ നൽകാൻ എത്തിയപ്പോഴാണ് മീനുകളെ കൂട്ടത്തോടെ കൊന്നൊടുക്കിയ വിവരം അറിയുന്നത്.
നിരവധി മീനുകളാണ് വെട്ടേറ്റ് കൊല്ലപ്പെട്ട നിലയിൽ കുളത്തിൽ കാണപ്പെട്ടത്. കുറേ മീനുകളെ വെട്ടി വൃത്തിയാക്കിയെടുത്തതിന്റെ അവശിഷ്ടങ്ങൾ കുളത്തിന്റെ കരയിലും കാണപ്പെട്ടു. സ്ഥലത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയിട്ടുള്ള ആളുകളാണ് സംഭവത്തിന് പിന്നാലെന്നാണ് നിഗമനം. മത്സ്യകൃഷിയിൽ ആദ്യ വിളവെടുപ്പിന് തയ്യാറെടുക്കുമ്പോഴാണ് സാമൂഹ്യ വിരുദ്ധരുടെ മനസാക്ഷിയില്ലാത്ത പ്രവൃത്തി. 2022-ലാണ് സാബുവും ഷീലയും മത്സ്യ കൃഷി ആരംഭിച്ചത്. ഫിഷറീസ് വകുപ്പിന്റെ ലൈസൻസുമുണ്ട്. കൃഷിയും മൃഗസംരക്ഷണവുമാണ് ഇവരുടെ ഉപജീവന മാർഗ്ഗം. അതിരമ്പുഴ പഞ്ചായത്തിൽ മികച്ച കർഷകയ്ക്കുള്ള പുരസ്കാരം 4 തവണ നേടിയിട്ടുള്ള ആളാണ് ഷീല. ഏറെ നാളത്തെ പരിശ്രമത്തിന് ഫലം കിട്ടാറായപ്പോൾ എല്ലാം വൃഥാവിലായതിന്റെ വിഷമത്തിലാണ് ഇവർ. സംഭവത്തിൽ ഗാന്ധി നഗർ പൊലീസിൽ പരാതി നൽകിയിക്കുകയാണിവർ.