ഇസ്ലാമാബാദ്: പാകിസ്താനില്‍ ചാവേറാക്രമണത്തില്‍ അഞ്ച് ചൈനീസ് പൗരന്മാർ ഉള്‍പ്പെടെ ആറുപേർ കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഖൈബർ പഖ്തൂണ്‍ഖ്വയിലാണ് സംഭവം. ഡാസു വൈദ്യുത പദ്ധതിയിലെ ജോലിക്കാരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഇസ്ലാമാബാദില്‍നിന്ന് കൊഹിസ്താനിലേക്ക് ജോലിക്കാർ സഞ്ചരിച്ച ബസില്‍ എതിർദിശയില്‍നിന്നു വന്ന വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. വാഹനം ഷംഗ്ല ജില്ലയിലെ ബിഷാമിലെത്തിയപ്പോഴായിരുന്നു അപകടം. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പാകിസ്താൻ പൗരനായ ഡ്രൈവറാണ്.
സംവം ചാവേറാക്രമണമാണെന്ന് ബിഷാം പോലീസ് പറഞ്ഞു. ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പ്രദേശത്ത് സുരക്ഷ കർശനമാക്കി. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് ബിഷാം പോലീസ് അറിയിച്ചു. 2021-ല്‍ ഷംഗ്ലയിലുണ്ടായ ഭീകരാക്രമണത്തില്‍ ഒമ്ബത് ചൈനക്കാരുള്‍പ്പെടെ 13 പേർ കൊല്ലപ്പെട്ടിരുന്നു. ആറായിരം കോടി ഡോളർ ചെലവിലുണ്ടാക്കുന്ന ചൈന- പാകിസ്താൻ സാമ്ബത്തിക ഇടനാഴിയുടെ ഭാഗമായുള്ള വിവിധ പദ്ധതികളിലായി ആയിരക്കണക്കിന് ചൈനക്കാർ ജോലിചെയ്യുന്നുണ്ട്.