കോഴിക്കോട്: വടകര പുത്തൂരില്‍ റിട്ടയേര്‍ഡ് പോസ്റ്റ്മാനെയും മകനെയും വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ അഞ്ച് പേര് പിടിയില്‍. പുത്തൂര്‍ ശ്യാം നിവാസില്‍ മനോഹരന് (58), വില്ല്യാപ്പള്ളി സ്വദേശികളായ പനയുള്ള മീത്തല്‍ സുരേഷ് (49), കാഞ്ഞിരവള്ളി കുനിയില്‍ വിജീഷ് (42), പട്ടര് പറമ്പത്ത് രഞ്ജിത്ത് (46), ചുണ്ടയില്‍ മനോജന് (40) എന്നിവരെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്.
പുത്തൂര്‍ സ്വദേശിയും മുന്‍ പോസ്റ്റ്മാനുമായ പാറേമ്മല്‍ രവീന്ദ്രനെയും മകന് ആദര്‍ശിനെയും കഴിഞ്ഞ തിങ്കളാഴ്ച രാത്രി 10.45ഓടെയാണ് അക്രമി സംഘം വീട്ടില്‍ കയറി മര്‍ദ്ദിച്ചത്. മുഖംമൂടി ധരിച്ചെത്തിയ സംഘം രവീന്ദ്രന്റെ കാല് തല്ലിയൊടിക്കുകയായിരുന്നു. തടയാന്‍ എത്തിയപ്പോഴാണ് ആദര്‍ശിന് മര്‍ദ്ദനമേറ്റത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിടിയിലായ മനോഹരന് രവീന്ദ്രനെ അക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇരുവരും തമ്മില്‍ അതിര്‍ത്തി തര്‍ക്കം നിലനിന്നിരുന്നു. അഞ്ചംഗ സംഘം എത്തിയ ടാക്സി ജീപ്പ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. രവീന്ദ്രന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പ് ചേര്‍ത്താണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.