ലൗണ്ടർഹിൽ: അഞ്ചാം ടി20 യിലും വെസ്റ്റ് ഇൻഡീസിനെ ഇഞ്ചിഞ്ചായി തകർത്ത് ടീം ഇന്ത്യ. ബാറ്റർമാരും, ബൗളർമാരും ഒരു പോലെ മികവ് കാട്ടിയ മത്സരത്തിൽ മികച്ച വിജയമാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്. ക്യാപ്റ്റൻ ഹർദിക്കിന്റെ മികച്ച ബാറ്റിംങും, ബൗളർമാർ എല്ലാവരും മികച്ച രീതിയിൽ ബൗൾ ചെയ്തതുമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.
പരമ്പര നേടിക്കഴിഞ്ഞ സാഹചര്യത്തിൽ ഇന്ത്യൻ ടീം, പരിക്കേറ്റ ക്യാപ്റ്റൻ രോഹിത്തിന് അടക്കം വിശ്രമം അനുവദിച്ചിരുന്നു. ഇതേ തുടർന്നു ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിച്ചത്. ടോസ് നേടിയ ക്യാപ്റ്റൻ ബാറ്റിംങ് തന്നെ തിരഞ്ഞെടുത്തു. രോഹിത്തിന്റെ അഭാവത്തിൽ ഇഷാൻ കിഷനും (11), ശ്രേയസ് അയ്യരും (64) ചേർന്നാണ് ടീം ഇന്ത്യയുടെ ഓപ്പണർമാരായി കളത്തിൽ ഇറങ്ങിയത്. കിഷൻ പുറത്തായതിനു പിന്നാലെ എത്തിയ ഹൂഡ (38) തകർപ്പൻ അടിയിലൂടെ സ്കോർ മുന്നിലേയ്ക്ക് കൊണ്ടു പോയി. പിന്നീടെത്തിയ സഞ്ജു പതിവ് ഷോട്ടുകൾ പോലുമില്ലാതെ 11 പന്തിൽ 15 റൺ മാത്രമെടുത്ത് മടങ്ങി. 16 പന്തിൽ 28 റൺ അടിച്ച് വൻ ഷോട്ടുമായി ക്യാപ്റ്റൻ പാണ്ഡ്യ തന്നെ ഇന്ത്യയെ നയിച്ചു. ഇതോടെ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തിൽ 188 റൺ എടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി ബാറ്റിംങിനിറങ്ങിയ വെസ്റ്റ് ഇൻഡീസിനെ ഒരു ഘട്ടത്തിൽ പോലും നിലയ്ക്കു നിർത്താൻ ഇന്ത്യൻ ബൗളർമാർ സമ്മതിച്ചില്ല. ബൗളിംങ് ഓപ്പൺ ചെയ്ത അക്സർ പട്ടേൽ മൂന്നാം പന്തിൽ തന്നെ ജെയ്സൺ ഹോൾഡറെ മടക്കി. റണ്ണെടുക്കും മുൻപായിരുന്നു മടക്കം. പിന്നാലെ, 24 ൽ ബ്രൂക്സും, 33 ൽ ഡെവോൺ തോമസും, 50 ൽ നിക്കോളാസ് പൂരാനും, 83 ൽ റൊമോൻ പവലും മടങ്ങി. അവസാന നിമിഷം വരെ പൊരുതി നിന്ന ഹിറ്റ്മെയറെ നൂറിൽ നിൽക്കെ രവി ബിഷ്ണോയി പുറത്താക്കി. പിന്നാലെ വാലറ്റത്തെ അതിവേഗം മടക്കി കുൽദീപ് യാദവ് ഇന്ത്യയെ വിജയത്തിൽ എത്തിച്ചു. ടീം ഇന്ത്യയ്ക്ക് വേണ്ടി രവി ബിഷ്ണോയി നാലും, കുൽദീപ് ജാദവും അക്സർ പട്ടേലും മൂന്നു വീതം വിക്കറ്റ് വീഴ്ത്തി.