കാഞ്ഞിരപ്പള്ളി : പ്രളയത്തെ തുടർന്ന് തകർന്ന കൈവരികളുടെയും അപ്രോച്ച് റോഡിൻ്റെയും നിർമ്മാണം പൂർത്തിയാക്കി കാഞ്ഞിരപ്പള്ളി അഞ്ചലിപ്പ പാലം തുറന്ന് നൽകി. ജില്ലാ പഞ്ചായത്തിൽ നിന്നും അനുവദിച്ച 20 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി പാലം തുറന്ന് നൽകിയത്.
ഒക്ടോബർ 16 നുണ്ടായ പ്രളയത്തിൽ തകർന്ന കൈവരികളും, അപ്രോച്ച് റോഡുകളും പുനർനിർമ്മിച്ചശേഷമാണ് അഞ്ചലിപ്പ പാലം തിങ്കളാഴ്ച മുതൽ പൂർണ്ണമായും തുറന്ന് നൽകിയിരിക്കുന്നത്.ഫെബ്രുവരി 2 ന് ആരംഭിച്ച നിർമ്മാണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ രണ്ടര മാസം കൊണ്ടാണ് പൂർത്തികരിച്ചത്.ഗവൺമെൻ്റ് ചീഫ് വിപ്പ് ഡോ.എൻ ജയരാജാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് ശേഷം പാലം തുറന്ന് നൽകിയത്. അറ്റകുറ്റപ്പണികൾക്കായി ഫണ്ട് അനുവദിക്കുകയും സമയബന്ധിതമായി നിർമ്മാണ പ്രവർത്തനം പൂർത്തികരിക്കാൻ മുൻകൈയെടുക്കുകയും ചെയ്ത ജില്ലാ പഞ്ചായത്തംഗം ജെസി ഷാജനെ അദ്ദേഹം അനുമോദിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ജെസി ഷാജൻ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ തങ്കപ്പൻ, അഞ്ചലിപ്പ സെൻ്റ് പയസ് ദേവാലയ വികാരി, ഫാദർ സെബാസ്റ്റ്യൻ ഉളളാട്ട്,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോളി മടുക്കക്കുഴി, ടി. ജെ മോഹനൻ, കെ.എസ് എമേഴ്സൺ, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷൻ മാരായ വി എൻ രാജേഷ്, ശ്യാമള ഗംഗാധരൻ,പഞ്ചായത്തംഗങ്ങളായ റിജോ വാളാന്തറ, വി പി രാജൻ, മജ്ഞു മാത്യു, ബിജു ചക്കാല എന്നിവർ സംസാരിച്ചു.മണിമല റോഡിൽ നിന്നും പാലത്തിലേയ്ക്ക് പ്രവേശിക്കുന്ന ഭാഗത്ത് സ്വകാര്യ വ്യക്തിവിട്ടു നൽകിയ സ്ഥലം ഉപയോഗിച്ച് ഇരു വശത്തേയ്ക്കും ഒരു മീറ്റർ വീതി കൂട്ടിയാണ് നിലവിൽ അപ്രോച്ച് റോഡ് നവീകരിച്ചിരിക്കുന്നത്. അപ്രോച്ച് റോഡിന് പുറമെ പാലത്തിൻ്റെ കൈവരികളും എടുത്തു മാറ്റാവുന്ന രീതിയിൽ മാറ്റി സ്ഥാപിച്ചിട്ടുണ്ട്.