പമ്പ: മകരവിളക്ക് ദർശിക്കാൻ പാണ്ടിത്താവളത്തിലും സമീപ വ്യൂ പോയിന്റുകളിലും തമ്പടിക്കുന്ന അയ്യപ്പഭക്തർക്കായി ദേവസ്വം ബോർഡിന്റെ നേതൃത്വത്തില്‍ അന്നദാന വിതരണം നടത്തും. പ്രധാന അന്നദാന മണ്ഡപത്തില്‍ നിന്നുള്ള ഭക്ഷണം ഇവിടെയെത്തിച്ചാണ് വിതരണം ചെയ്യുക. ഇതിനായി പാണ്ടിത്താവളത്തില്‍ രണ്ട് താത്കാലിക അന്നദാന മണ്ഡലപങ്ങള്‍ സജ്ജമാക്കി. മകരവിളക്ക് ദർശിക്കാനെത്തുന്ന ഭക്തർ ഭക്ഷണം പാചകം ചെയ്യുന്നതിന് അടുപ്പ് കൂട്ടരുതെന്ന് കർശന നിർദേശമുണ്ട്.
ജനുവരി 13, 14 തീയതികളിലായിരിക്കും പാണ്ടിത്താവളത്തില്‍ അന്നദാന മണ്ഡപത്തില്‍ ഭക്ഷണവിതരമുണ്ടായിരിക്കുകയെന്ന് അന്നദാനം സ്പെഷ്യല്‍ ഓഫീസർ ദിലീപ് കുമാർ പറഞ്ഞു. ഈ വർഷം തീർഥാടന കാലത്ത് മണ്ഡലകാലം ആരംഭം മുതല്‍ ജനുവരി 11 വരെയുള്ള കാലയളവില്‍ ആകെ 10,36,000 പേരാണ് സന്നിധാനത്തെ അന്നദാനമണ്ഡപത്തില്‍ നിന്ന് ഭക്ഷണം കഴിച്ചത്. മണ്ഡലകാലത്ത് മാത്രമായി 7,82,000 പേർ ഭക്ഷണം കഴിച്ചു. ദിവസേന 25000 പേരാണ് അന്നദാന മണ്ഡപത്തില്‍ നിന്ന് ഭക്ഷണം കഴിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൂന്ന് ഇടവേളകളിലായി 24 മണിക്കൂറും അന്നദാനമുണ്ട്. രാവിലെ ഏഴു മുതല്‍ 11 വരെയാണ് പ്രഭാത ഭക്ഷണം. ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് വരെയാണ് ഉച്ചഭക്ഷണം. ഉപ്പുമാവ്, കടലക്കറി, ചുക്ക് കാപ്പി എന്നിവയാണ് പ്രഭാത ഭക്ഷണം. വെജിറ്റബിള്‍ പുലാവ്, സാലഡ് അല്ലെങ്കില്‍ വെജിറ്റബിള്‍ കറി, അച്ചാർ, ചുക്കുവെള്ളം എന്നിവയാണ് ഉച്ചഭക്ഷണം. കഞ്ഞി, ചെറുപയർ, അച്ചാർ എന്നിവ രാത്രിയില്‍ 6.30 മുതല്‍ മുതല്‍ 12 വരെ ഭക്തർക്ക് വിളമ്പും.