തൃശൂർ: പെരിഞ്ഞനത്ത് ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ് വീട്ടമ്മ മരിച്ച സംഭവത്തില്‍ ഹോട്ടല്‍ നടത്തിപ്പുകാർ അറസ്റ്റില്‍. സെയിൻ ഹോട്ടല്‍ നടത്തിപ്പുകാരായ കയ്പമംഗലം സ്വദേശി ചമ്മിണിയില്‍ വീട്ടില്‍ റഫീക്ക് (51), കാട്ടൂർ പൊഞ്ഞനം സ്വദേശി ചിറക്കുഴി വീട്ടില്‍ അസ്ഫീർ (44) എന്നിവരെണ് കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ മെയ് 25ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. പെരിഞ്ഞനം കുറ്റിലക്കടവ് രായംമരക്കാർ വീട്ടില്‍ ഉസൈബയാണ് വിഷബാധയേറ്റ് മരിച്ചത്. 250 ഓളം പേർക്കാണ് അന്ന് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തിനുശേഷം പൊലീസും ആരോഗ്യവിഭാഗവും ചേർന്ന് ഹോട്ടല്‍ അടപ്പിക്കുകയും നടത്തിപ്പുകാർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുൻകൂർ ജാമ്യത്തിന് ശ്രമിച്ച പ്രതികളോട് അന്വേഷണ ഉദ്യോഗസ്ഥർ മുൻപാകെ കീഴടങ്ങാൻ കോടതി നിർദേശിക്കുകയായിരുന്നു. ഇത് പ്രകാരം രണ്ട് പേരും കയ്പമംഗലം പൊലീസില്‍ കീഴടങ്ങുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ രണ്ട് പേരെയും കോടതി റിമാന്റ് ചെയ്തു.