ദില്ലി : അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍റെ പുതിയ ഭരണഘടനയിലെ ഭൂരിഭാഗം വകുപ്പുകളും തത്വത്തില്‍ അംഗീകരിച്ച് സുപ്രീം കോടതി.ഫുട്ബോള്‍ താരങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന പുതിയ ഭരണഘടനക്ക് ഇന്ത്യൻ ഫുട്ബോളിനെ ഉയരങ്ങളില്‍ എത്തിക്കാനാവുമെന്ന് സുപ്രീം കോടതി വിലയിരുത്തി. ഫെഡറേഷന്‍റെ 14 അംഗ നിർവാഹക സമിതിയില്‍ ഇനി മുതല്‍ കുറഞ്ഞത് 5 ഇന്ത്യൻ മുൻ താരങ്ങള്‍ ഉണ്ടായിരിക്കണമെന്നും ഇവരില്‍ രണ്ട് പേര്‍ വനിതകളായിരിക്കണമെന്നും ജസ്റ്റിസുമാരായ നരസിംഹ, എ. എസ്.ചന്ദൂർകർ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. പുതിയ ഭരണഘടനക്ക് നാലാഴ്ചക്കകം ജനറല്‍ ബോഡി യോഗം ചേര്‍ന്ന് അംഗീകാരം നല്‍കാനും സുപ്രീം കോടതി നിര്‍ദേശിച്ചു.
അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ തെരഞ്ഞെടുപ്പ് അടുത്തവര്‍ഷം നടത്തിയാല്‍ മതിയെന്നും അതുവരെ കല്യാണ്‍ ചൗബേയുടെ നേതൃത്വത്തിലുള്ള നിലവിലെ ഭരണസമിതിക്ക് തുടരാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. നിവവിലെ ഭരണസമിതിക്ക് കാലവധി പൂര്‍ത്തിയാക്കാന്‍ ഒരു വർഷമല്ലേ ബാക്കിയുള്ളൂവെന്നും കാലാവധി പൂർത്തിയാക്കട്ടെ എന്നും കോടതി പറഞ്ഞു. ഒക്ടോബർ 30നകം പുതിയ ഭരണഘടന അംഗീകരിക്കണമെന്നായിരുന്നു അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് ഫിഫ നല്‍കിയ അന്ത്യശാസനം. സുപ്രീം കോടതിയും അംഗീകരിച്ചതോടെ ഫെഡറേഷനെ ഫിഫ വിലക്കാനുള്ള സാധ്യത ഇല്ലാതായി.