കൊച്ചി: കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ പുല്‍മൈതാനത്തിന്റെ നിലയില്‍ ആശങ്ക പ്രകടിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്.തിങ്കളാഴ്ച നടക്കാനിരിക്കുന്ന ഐ.എസ്.എല്‍. മത്സരത്തിന് മുന്നോടിയായി നടത്തിയ പരിശോധനകള്‍ക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് അധികൃതർ ആശങ്ക വ്യക്തമാക്കിയത്. 12000-ഓളം പേർ പങ്കെടുത്ത മെഗാനൃത്തപരിപാടിക്കുപിന്നാലെ സ്റ്റേഡിയം പരിശോധിക്കാൻ ടീം തീരുമാനിച്ചിരുന്നു.രാജ്യത്തെ ഏറ്റവും മികച്ച ഗ്രൗണ്ടുകളില്‍ ഒന്നാണ് കലൂർ സ്റ്റേഡിയം. കായിക മത്സരങ്ങള്‍ക്കായി തയ്യാറാക്കിയിട്ടുള്ള ഗ്രൗണ്ടില്‍ കായിക ഇതര പരിപാടികള്‍ സംഘടിപ്പിക്കുന്നതിലൂടെ മൈതാനം പൂർണമായും നശിക്കുന്ന അവസ്ഥയിലാണെന്ന് ക്ലബ് അധികൃതർ വിലയിരുത്തി.
ഇത്തരമൊരും സാഹചര്യം ഉണ്ടാകുന്നത് തടയുന്നതിനായുള്ള മുൻകരുതലുകള്‍ നടപടികളൊന്നും തന്നെ ഉണ്ടായിട്ടില്ലെന്നും ബ്ലാസ്റ്റേഴ്സ് ചൂണ്ടിക്കാട്ടി.വലിയ തുക ചിലവഴിച്ചാണ് ഗ്രൗണ്ടില്‍ മത്സരയോഗ്യമായ പുല്‍മൈതാനം തയ്യാറാക്കുന്നതും കൃത്യമായ പരിചരണത്തിലൂടെ നിലനിർത്തുന്നതും. മോശമായാല്‍ മൈതാനം വീണ്ടും തയ്യാറാക്കുന്നതിനും ഏറെ തുക ആവശ്യമാണ്. അതിനാല്‍ ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടാൻ പാടില്ലെന്നും ബ്ലാസ്റ്റേഴ്സ് അധികൃതർ അഭിപ്രായപ്പെട്ടു. നിലവില്‍ മൈതാനം പൂർവനിലയിലാക്കാൻ ബ്ലാസ്റ്റേഴ്സിന്റെ ടീം ശ്രമം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.