റിയാദ്: ഖത്തറില്‍ നിന്ന് റോഡ് മാർഗം ഉംറ നിർവഹിക്കാനെത്തിയ മംഗലാപുരം സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ നാല് പേർ വാഹനാപകടത്തില്‍ മരിച്ചു. റിയാദ് പ്രവിശ്യയിലെ സുല്‍ഫ എന്ന സ്ഥലത്ത് സംഘം സഞ്ചരിച്ച കാർ അപകടത്തില്‍പെട്ടാണ് മംഗലാപുരം ഉളടങ്ങാടി തോക്കൂർ സ്വദേശി ഷമീമിെൻറയും സറീനയുടെയും മകള്‍ ഹിബ (29), ഇവരുടെ ഭർത്താവ് മുഹമ്മദ് റമീസ് (34), മക്കളായ ആരുഷ് (മൂന്ന് വയസ്), റാഹ (മൂന്ന് മാസം) എന്നിവരാണ് മരിച്ചത്. റമീസ്, ഹിബ, ഒരു കുട്ടി എന്നിവർ സംഭവസ്ഥലത്തുവെച്ചും മറ്റൊരു കുട്ടി ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.
ഇവരോടൊപ്പം യാത്ര ചെയ്തിരുന്ന ഹിബയുടെ സഹോദരി ശബ്‌നത്തിെൻറ മകള്‍ ഫാത്തിമ (19) ഗുരുതര പരിക്കുകളോടെ റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഹിബയുടെ സഹോദരി ലുബ്നയുടെ മകൻ ഈസ (നാല്) അപകടത്തില്‍ നിന്ന് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബുധനാഴ്ച രാത്രിയായിരുന്നു അപകടം. ഇവർ സഞ്ചരിച്ച കാർ സുല്‍ഫയില്‍ റോഡ് ഡിവൈഡറില്‍ കൂട്ടിയിടിക്കുകയും റോഡില്‍ നിന്ന് തെന്നിമാറി മറിയുകയുമായിരുന്നു. ചൊവ്വാഴ്ച സുബഹി നമസ്‌കരിച്ച ശേഷമാണ് കുടുംബം ഖത്തറില്‍ നിന്ന് ഉംറ യാത്ര ആരംഭിച്ചത്. ചൊവ്വാഴ്‌ച രാത്രി റിയാദിലെത്തി ബന്ധുക്കളോടൊപ്പം തങ്ങിയ ശേഷം ബുധനാഴ്ച രാവിലെ റിയാദില്‍ നിന്ന് മക്കയിലേക്കുള്ള യാത്രക്കിടയിലായിരുന്നു അപകടം.