അതിരമ്പുഴ: ചരിത്ര പ്രസിദ്ധമായ അതിരമ്പുഴ കേന്ദ്രീകരിച്ചു സാംസ്കാരിക പൈതൃക ടൂറിസം സർക്യൂട്ട് നടപ്പിലാക്കുവാൻ വേണ്ട നടപടികൾക്കായി പരിശ്രമിക്കുമെന്ന് അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്തും എം. ജി. സർവകലാശാലയും സംയുക്തമായി തയാറാക്കിയ ഡ പി ആർ എം. ജി സർവകലാശാല വൈസ് ചാൻസലർ ഡോ. സി. ടി. അരവിന്ദകുമാറിൽ നിന്നും സ്വീകരിച്ചു കൊണ്ടു സംസാരിക്കുകയായിരുന്നു ഫ്രാൻസിസ് ജോർജ്.
അതിരമ്പുഴ കേന്ദ്രീകരിച്ചു സാംസ്കാരിക പൈതൃക ടൂറിസം സർക്യൂട്ട് നടപ്പാക്കി അതിലൂടെ സാംസ്കാരിക പൈതൃക വസ്തുക്കളുടെ സംഭരണം, പ്രചാരണ പരിപാടികൾ, പരിപാലനം എന്നിവ സംയോജിപ്പിച്ചു സാംസ്കാരിക പൈതൃക പട്ടികയിൽ ഇടം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ പഞ്ചായത്ത് എം ജി സർവകലാശാലയുമായി സഹകരിച്ചു പദ്ധതിക്ക് തയാറായതെന്നു ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ. ഡോ. റോസമ്മ സോണി പദ്ധതി രൂപരേഖ അവതരിപ്പിച്ചു കൊണ്ടു പറഞ്ഞു. എം. ജി. സർവലാശാല വൈസ് ചാൻസലർ ഡോ. സി. ടി. അരവിന്ദകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം. പി. ഉദ്ഘാടനം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എം. ജി സർവകലാശാല രജിസ്ട്രാർ ഡോ. ബിസ്മി ഗോപാലകൃഷ്ണൻ, സിന്ഡിക്കേറ്റ് മെമ്പർ ഡോ.ജോജി അലക്സ്, എം. ജി സർവകലാശാല ടൂറിസം വകുപ്പ് മേധാവി പ്രൊഫ. ഡോ. റോബിനെറ്റ് ജേക്കബ്, ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ. ഡോ. റോസമ്മ സോണി, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കളം, പ്രൊഫ. ടോണി കെ തോമസ് എന്നിവർ പ്രസംഗിച്ചു.