കോട്ടയം: കേന്ദ്ര സർക്കാർ വർധിപ്പിച്ച നെല്ലിൻ്റെ താങ്ങുവില കർഷകർക്ക് ലഭ്യമാക്കുന്നതിന് സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപടണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി.കേന്ദ്രം നെല്ലിൻ്റെ താങ്ങ് വില വർദ്ധിപ്പിച്ചെങ്കിലും നിലവിൽ കർഷകർക്ക് ലഭിക്കാത്ത സാഹചര്യമാണുള്ളത്.കേന്ദ്ര സർക്കാർ താങ്ങുവില വർദ്ധിപ്പിക്കുമ്പോൾ അനുപാതികമായി സംസ്ഥാന സർക്കാർ വില ഉയർത്തുന്നതിന് പകരം താങ്ങുവില താഴ്ത്തുന്ന സമീപനമാണ് സ്വീകരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം കേന്ദ്ര സർക്കാർ 1 രൂപ 43 പൈസാ താങ്ങുവില വർദ്ധിപ്പിച്ചപ്പോൾ ഒരു കിലോ നെല്ലിന് ലഭിക്കേണ്ടത് 31.35 രൂപയും 12 പൈസ കൈകാര്യ ചെലവും കുട്ടി 31.47 രൂപയാണ്,എന്നാൽ ലഭിച്ചത് 28.32 രൂപ മാത്രം. ഇപ്പോൾ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 1.17 രൂപയും കൂട്ടി കർഷകർക്ക് ലഭിക്കേണ്ടത് 32.64 രൂപയാണ്. എന്നാൽ ഇത് സംസ്ഥാന സർക്കാർ നൽകുമോ എന്ന ആശങ്കയിലാണ് കർഷകർ. ഈ താങ്ങുവില ലഭിച്ചാൽ പോലും നെൽകൃഷി ലാഭകരമല്ലാത്ത സ്ഥിതിയാണുള്ളത്.മറ്റു സംസ്ഥാനങ്ങളെ അപേഷിച്ച് കേരളത്തിൽ ചിലവ് കൂടുതലാണ്.
രാസവളങ്ങളുടെയും, കീടനാശിനികളുടെയും അമിത വിലയും കാലാവസ്ഥ വ്യതിയാനവും മൂലം വിളവ് കുറയുന്നതും നെൽകൃഷി ലാഭകരമല്ലാതായി മാറുകയാണ്. അതിനാൽ ഈ വിഷയം സർക്കാർ അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കണമെന്നും ഫ്രാൻസിസ് ജോർജ് അവശ്യപ്പെട്ടു.