കോഴിക്കോട്: ഇടതുപക്ഷത്തോട് അടുക്കാന്‍ സംഘടനയില്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന വിമര്‍ശനവുമായി കേന്ദ്ര മുശാവറ അംഗം ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‍വി തന്നെ രംഗത്തെത്തിയതോടെ ഇകെ വിഭാഗം സമസ്തയില്‍ ഭിന്നത രൂക്ഷമാകുന്നു. ഉമര്‍ഫൈസി മുക്കത്തെ മുന്നില്‍ നിര്‍ത്തി ലീഗ് വിരുദ്ധര്‍ നടത്തുന്ന നീക്കത്തെ ചെറുക്കാന്‍ മുതിര്‍ന്ന നേതാവായ ബഹാവുദ്ദീന്‍ നദ് വിയെ തന്നെയാണ് എതിര്‍വിഭാഗം രംഗത്തിറക്കിയിരിക്കുന്നത്. മുഖപത്രമായ സുപ്രഭാതത്തിലുണ്ടായ നയം മാറ്റമടക്കം മുശാവറ യോഗത്തില്‍ ഉന്നയിക്കുമെന്ന് നദ്‍വി വ്യക്തമാക്കിയതോടെ വിഷയം ചര്‍ച്ച ചെയ്യേണ്ട സ്ഥിതിയിലാണ് സമസ്ത നേതൃത്വം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇകെ വിഭാഗം സമസ്തയിലെ ഒരു വിഭാഗം മലപ്പുറത്തും പൊന്നാനിയിലും ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പ്രവര്‍ത്തിച്ചിരുന്നു.
ലീഗ് വിരുദ്ധരായ സമസ്ത നേതാക്കളുടെ അറിവോടെ നടത്തിയ നീക്കം യുഡിഎഫ് വോട്ടുകളില്‍ വിള്ളലുണ്ടാക്കിയതായി ലീഗ് നേതൃത്വം വിലയിരുത്തിയിരുന്നു.
തെരഞ്ഞെടുപ്പിനു മുമ്പ് ഉമര്‍ഫൈസി മുക്കം ലീഗിനെതിരെ പരസ്യ പ്രസ്താവന നടത്തിയതിന് പുറമേ ലീഗിനെ വിമര്‍ശിച്ചു കൊണ്ടുള്ള ലേഖനം സമസ്ത മുഖപത്രമായ സുപ്രഭാതത്തില്‍ വന്നതും ചര്‍ച്ചയായി. ഇത് ഇടതു അനുകൂല നീക്കമാണെന്ന വിലയിരുത്തലിന്‍റെ പശ്ചാത്തലത്തിലാണ് ലീഗ് അനുകൂല നേതാവായ ബഹാവുദ്ദീന്‍ നദ് വി വിമര്‍ശനവുമായി രംഗത്ത് വന്നത്. ലീഗ് വിരുദ്ധരുടെ നിലപാടില്‍ കടുത്ത അതൃപ്തിയിലായ ലീഗ് നേതാക്കള്‍ സുപ്രഭാതം പത്രത്തിന്‍റെ ഗള്‍ഫ് എഡിഷന്‍ ഉദ്ഘാടന ചടങ്ങില്‍ നിന്നും വിട്ടു നിന്നിരുന്നു. സുപ്രഭാതം ചീഫ് എഡിറ്റര്‍ കൂടിയായ ബഹാവുദ്ദീന്‍ നദ്‍വിയും പങ്കെടുത്തില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോണ്‍ഗ്രസ് നേതാക്കളെ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്നും തടഞ്ഞത് ലീഗ് നേതൃത്വമാണെന്നും ആരോപണമുണ്ടായി. ഉമര്‍ഫൈസി മുക്കത്തിന്‍റെയുള്‍പ്പെടെ ഇടത് അനുകൂല പ്രസ്താവനകള്‍ മുശാവറയില്‍ ഉന്നയിക്കുമെന്ന് നദ് വി വ്യക്തമാക്കിയതോടെ വിഷയം സമസ്ത ചര്‍ച്ചചെയ്യേണ്ടി വരും. ഉമര്‍ഫൈസിക്കെതിരെ നടപടി വേണമെന്ന ആവശ്യമാണ് സമസ്തയിലെ ലീഗ് അനുകൂലികള്‍ ഉയര്‍ത്തുന്നത്. എന്നാല്‍ വിഷയത്തോട് പ്രതികരിക്കാന്‍ സമസ്ത നേതൃത്വം തയ്യാറായില്ല.