തിരുവനന്തപുരം : വയനാട് വെറ്റിനറി കോളേജില്‍ എസ്.എഫ്.ഐ. പ്രവർത്തകരുടെ മർദ്ദനത്തെ തുടർന്ന് ജീവനൊടുക്കിയ സിദ്ധാർഥന്റെ കുടുംബത്തെ സന്ദർശിച്ച് മന്ത്രി ജി.ആർ. അനില്‍. സിദ്ധാർഥന്റേത് തങ്ങളുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന കുടുംബമാണെന്നും കേസന്വേഷണത്തിന്റെ കാര്യത്തില്‍ അവർക്ക് പരാതികളില്ലെന്നും മന്ത്രി പറഞ്ഞു. സിദ്ധാർഥന്റെ കുടുംബം ഗവർണറെ കണ്ട് പരാതി നല്‍കിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പരാമർശം. ക്യാമ്പസുകളില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ കർശന നടപടി എടുക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. അതാണ് ഇപ്പോള്‍ ചെയ്യുന്നതും. ഇത്തരം കാര്യങ്ങളില്‍ കുറ്റക്കാർക്ക് അനുകൂലമായ ഒരു നിലപാടും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു.
കുറ്റക്കാർക്ക് രാഷ്ട്രീയ സഹായം കൊടുക്കുന്നവരല്ല ഞങ്ങളാരും. വ്യക്തികള്‍ ഏത് രാഷ്ട്രീയത്തില്‍ ഉണ്ടെങ്കിലും സംഭവത്തെയാണ് ഞങ്ങള്‍ ഗൗരവമായി കാണുന്നത്. അത് ഗൗരവമായി കണ്ടുകൊണ്ടുള്ള നിയമനടപടികള്‍ സ്വീകരിക്കും. നിയമനടപടികള്‍ കുടുംബം വിശ്വസിക്കുന്നുണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അവർ ഞങ്ങളുമായി ബന്ധപ്പെട്ട കുടുംബം ആയതുകൊണ്ട് കൂടുതല്‍ വിശ്വസിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു. അതിനോടൊന്നും പക്ഷപാതം സ്വീകരിക്കുന്നവരല്ല ഞങ്ങള്‍ എന്ന് അവർക്കറിയാം. തെറ്റുകാർക്കെതിരെ നടപടി വേണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. നിഷ്പക്ഷമായി അന്വേഷിച്ച് കുറ്റവാളികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും ഇത് രാഷ്ട്രീയ വിഷയമല്ലെന്നും മന്ത്രി പറഞ്ഞു.