തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ വരവും ചിലവും സംബന്ധിച്ച് ആര്‍ക്കും കൃത്യമായ ധാരണയില്ലെന്ന് കെബി ഗണേഷ് കുമാര്‍.
ഗതാഗത വകുപ്പിന്റെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ആയിരുന്നു കെബി ഗണേഷ് കുമാറിന്റെ പ്രതികരണം. ഇത്രയും വലിയ സ്ഥാപനമായിട്ടും അക്കൗണ്ടിംഗ് സംവിധാനവും എച്ച്ആര്‍ സംവിധാനമില്ലെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വരവിനെക്കുറിച്ച് മാത്രമാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എവിടെയാണ് ഈ പൈസ എന്നതാണ് ചോദ്യം. ആ സംശയം മാധ്യമങ്ങള്‍ക്കുമുണ്ട് കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ക്കുമുണ്ട്. സംഭവം ഞാൻ അന്വേഷിച്ചപ്പോള്‍ കണക്കില്ല. കണക്കുണ്ടാകുമ്പോള്‍ തന്നെ വലിയ മാറ്റമുണ്ടാകും.
ജീവനക്കാര്‍ അധ്വാനിച്ചു കൊണ്ടുവരുന്ന പണം ഒരു സ്ഥലത്തും ചോര്‍ന്നുപോകാൻ അനുവദിക്കില്ല. എല്ലാ ഓട്ടകളും അടയ്ക്കുമെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു. ഓഫീസിലെ വൈദ്യുതി ചാര്‍ജ്ജ് വരെ കുറച്ച് ചിലവ് നിയന്ത്രിക്കും. വെറുതെ വണ്ടി ഓടിക്കില്ല. ഡീസലിന്റെ ഉപയോഗം കുറയ്ക്കും. ഇലക്ട്രിക് വെഹിക്കിളോ മൈലേജ് കൂടുതലുളള മറ്റ് മാര്‍ഗങ്ങളിലേക്കോ മാറും. മുഖ്യമന്ത്രിയുമായി ആലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
പെൻഷൻ തുക ഒരുപാട് കൊടുക്കാനുണ്ട്. അക്കൗണ്ടിംഗ് സംവിധാനമില്ലാത്തതിനാല്‍ കാല്‍ക്കുലേറ്റ് ചെയ്യുന്ന പെൻഷൻ ശരിയാണോയെന്ന് എങ്ങനെ പറയാനാകും. അതെല്ലാം മനസിലാക്കേണ്ടിയിരിക്കുന്നു. ഒരാഴ്ച സമയം തന്നാല്‍ ഇതെല്ലാം മനസിലാക്കി നിങ്ങളോട് സംസാരിക്കാം. നല്ല പ്രൊപ്പോസല്‍ എന്റെ കൈയ്യില്‍ ഉണ്ട്. മുഖ്യമന്ത്രി സമ്മതിച്ചു കഴിഞ്ഞാല്‍ അത് നടപ്പിലാക്കുമെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു.
സര്‍ക്കാരിന്റെ സഹായമില്ലാതെ കുറച്ചുനാള്‍ കൂടി നില്‍ക്കാനില്ല. ആരും സമരം ചെയ്യേണ്ട. ഒരു തൊഴിലാളി യൂണിയനും എതിരല്ല. ലാഭത്തിലാക്കാൻ കഴിഞ്ഞില്ലെങ്കിലും മെച്ചപ്പെട്ട സര്‍വ്വീസായി ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനും മുൻപോട്ട് കൊണ്ടുപോകാനും കഴിയും. ഒരു മുറുക്കാൻ കടയിലെ എക്കണോമിക്സ് ആണ് വേണ്ടത്. വരവ് കൂടുക ചിലവ് കുറയ്ക്കുക. ഗണേഷ് കുമാര്‍ പറഞ്ഞു.