തുടർച്ചയായ രണ്ടാം യൂറോയിലും തോൽവി; കണ്ണീരോടെ കോച്ചിന്റെ കുപ്പായമഴിച്ച് സൗത്ത് ഗേറ്റ്; ഇംഗ്ലണ്ടിന്റെ കോച്ച് സ്ഥാനം ഒഴിഞ്ഞു

ലണ്ടൻ : തുടർച്ചയായ രണ്ടാം യൂറോ കപ്പിന്റെ ഫൈനലിലും തോൽവി ഏറ്റുവാങ്ങേണ്ടിവന്നതിന് പിന്നാലെ ഇംഗ്ളണ്ട് ഫുട്ബാൾ ടീം കോച്ച് ഗാരേത്ത് സൗത്ത്ഗേറ്റ് രാജിവച്ചു. 2016ലാണ് ഇംഗ്ളണ്ടിന്റെ മുൻ താരം കൂടിയായ സൗത്ത്ഗേറ്റ് ദേശീയ ടീമിന്റെ പരിശീലനച്ചുമതല ഏറ്റെടുത്തത്. 102 മത്സരങ്ങളിൽ ടീമിന്റെ കോച്ചായി. 61 മത്സരങ്ങളിൽ വിജയം നൽകി. 24 മത്സരങ്ങളിൽ സമനില. തോറ്റത് 17 കളികളിൽ മാത്രം. 63 ആണ് വിജയശതമാനം.

Advertisements

2021ലെയും 2024ലെയും യൂറോ കപ്പുകളിൽ ടീമിനെ ഫൈനലിൽ എത്തിച്ചത് മാത്രമല്ല 2018 ലോകകപ്പിൽ സെമിഫൈനലിൽ കളിപ്പിക്കുകയും ചെയ്തു.2022ൽ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിലുമെത്തി. ഇംഗ്ളീഷ് ഫുട്ബാൾ ടീമിനെ മികച്ച ഒരു നിരയാക്കി മാറ്റിയെടുത്തത് സൗത്ത്ഗേറ്റാണ്. കഴിഞ്ഞ യൂറോ കപ്പിന്റെ ഫൈനലിൽ ഇറ്റലിയോട് പെനാൽറ്റി ഷൂട്ടൗട്ടിലാണ് തോറ്റത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

1995 മുതൽ 2004വരെയുള്ള കാലഘട്ടത്തിൽ വിശ്വസ്തനായ ഡിഫൻസീവ് മിഡ്ഫീൽഡറായിരുന്നു സൗത്ത്ഗേറ്റ്. 57 മത്സരങ്ങളാണ് രാജ്യത്തിന് വേണ്ടി കളിച്ചത്. 1996ലെ യൂറോകപ്പിന്റെ സെമിഫൈനലിൽ ജർമ്മനിക്ക് എതിരായ പെനാൽറ്റി ഷൂട്ടൗട്ടിൽ ഇംഗ്ളണ്ടിന്റെ അവസാന പെനാൽറ്റി കിക്ക് പാഴാക്കിയത് സൗത്ത്ഗേറ്റായിരുന്നു. 1998 ലോകകപ്പിലും 2000 യൂറോ കപ്പിലും ഇംഗ്ളണ്ടിനായി കളത്തിലിറങ്ങിയിരുന്നു. കളിക്കാരനായി ടീമിന് നേടിക്കൊടുക്കാൻ കഴിയാതിരുന്ന കിരീടം പരിശീലകനെന്ന നിലയിൽ സ്വന്തമാക്കാനാണ് സൗത്ത്ഗേറ്റ് കഴിഞ്ഞ എട്ടുവർഷമായി ശ്രമിച്ചത്.

എന്നാൽ കഴിഞ്ഞ രണ്ട് യൂറോ കപ്പുകളിലും അത് അവസാനനിമിഷം പൊലിഞ്ഞുപോയി. ഇക്കുറി യൂറോകപ്പ് ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു സ്പെയ്നിനോട് ഇംഗ്ളണ്ടിന്റെ തോൽവി. രണ്ടാം പകുതിയുടെ രണ്ടാം മിനിട്ടിൽ നിക്കോ വില്യംസിലൂടെ ഗോളടിച്ച സ്പെയ്നിനെ കോൾ പാമറെ പകരക്കാരനായിറക്കി 73-ാം മിനിട്ടിൽ സമനിലയിലാക്കിയെങ്കിലും 86-ാം മിനിട്ടിലെ മൈക്കേൽ ഒയാർസബാലിന്റെ ഗോളിലൂടെ സ്പെയ്ൻ വിജയം കാണുകയായിരുന്നു.

കളിക്കാരനായും കോച്ചായും ഇംഗ്ളണ്ടിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്. പക്ഷേ ടീമിനെ കിരീടമണിയിക്കുകയെന്ന ലക്ഷ്യത്തിലെത്താൻ നിർഭാഗ്യവശാൽ എനിക്ക് കഴിയാതെ പോയി. ഇനിയൊരു മാറ്റം ടീമിന് അനിവാര്യമാണ്. – ഗാരേത്ത് സൗത്ത്ഗേറ്റ്

Hot Topics

Related Articles