ബാറ്റിംഗ് കോച്ചായി കൊല്‍ക്കത്തയിലെ വിശ്വസ്തനെ വേണമെന്ന് ഗൗതം ഗംഭീര്‍; ബൗളിംഗ് കോച്ചാവാൻ പേസ് ഇതിഹാസം

മുംബൈ : രാഹുല്‍ ദ്രാവിഡിന്‍റെ പിന്‍ഗാമിയായി ഇന്ത്യൻ പരിശീലകനായ ഗൗതം ഗംഭീറിന്‍റെ സഹായികള്‍ ആരൊക്കെയാകുമെന്നതിനെക്കുറിച്ച്‌ നിര്‍ണായക സൂചന പുറത്ത്. തന്‍റെ സഹ പരിശീലകരെ നിയമിക്കാന്‍ പൂര്‍ണ അധികാരം നല്‍കണമെന്ന് ഗംഭീര്‍ ബിസിസിഐ ഉപദേശക സമിതിക്ക് മുമ്പാകെ അഭിമുഖത്തിനെത്തിയപ്പോള്‍ ഉപാധിവെച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ സഹപരിശീലക സ്ഥാനത്തേക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗ് പരിശീലകനായ അഭിഷേക് നായരുടെ പേരാണ് ഗംഭീര്‍ മുന്നോട്ട് വെച്ചിരിക്കുന്നതെന്ന് വാർത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ബാറ്റിംഗ് കോച്ചായല്ല സഹപരിശീലകനായാണ് ഗംഭീര്‍ അഭിഷേക് നായരുടെ പേര് മുന്നോട്ട് വെച്ചതെന്നും റിപ്പോർട്ടുകളുണ്ട്.

Advertisements

ബൗളിംഗ് പരിശീലകനായി മുന്‍ ഇന്ത്യന്‍ താരവും 2011ലെ ഏകദിന ലോകകപ്പ് നേടിയ ടീമില്‍ ഗംഭീറിന്‍റെ സഹതാരവുമായിരുന്ന സഹീര്‍ ഖാന്‍റെ പേരാണ് ചര്‍ച്ചകളില്‍ നിറയുന്നത്. മുന്‍ ഇന്ത്യൻ താരങ്ങളായ ലക്ഷ്മിപതി ബാലാജി, വിനയ് കുമാര്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ഇരുവരും കൊല്‍ക്കത്തയില്‍ ഗംഭീറിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ഗംഭീറോ ബിസിസിഐയോ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. കഴിഞ്ഞ ദിവസം ഇന്ത്യയുടെ ബാറ്റിംഗ്, ബൗളിംഗ്, ഫീല്‍ഡിംഗ് പരിശീലകര്‍ക്കായി ബിസിസിഐ അപേക്ഷ ക്ഷണിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫീല്‍ഡിംഗ് പരിശീലകനായി ദക്ഷിണാഫ്രിക്കന്‍ ഫീല്‍ഡിംഗ് ഇതിഹാസം ജോണ്ടി റോഡ്സിന്‍റെ സേവനം ലഭിക്കുമോ എന്ന് ഗംഭീര്‍ ബിസിസിഐയോട് ആരാഞ്ഞിരുന്നു. ഇന്നലെയാണ് ഗംഭീറിനെ ദ്രാവിഡിന്‍റെ പകരക്കാരനായി ഇന്ത്യയുടെ മുഖ്യ പരിശീലകനായി നിയമിച്ചത്. 2027 ഏകദിന ലോകകപ്പ് വരെയാണ് ഗംഭീറിന്‍റെ കാലാവധി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2007ല്‍ ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലും 2011ല്‍ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലും അംഗമായിരുന്ന ഗംഭീര്‍ രണ്ട് ലോകകപ്പുകളിലും ഫൈനലിലെ ടോപ് സ്കോററുമായിരുന്നു. ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് ടീം മെന്‍ററായി രണ്ട് വര്‍ഷം പ്രവര്‍ത്തിച്ച ഗംഭീര്‍ രണ്ട് തവണയും ടീമിനെ പ്ലേ ഓഫിലെത്തിച്ചു. കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീം മെന്‍ററായ ഗംഭീര്‍ ടീമിന് കിരീടം സമ്മാനിക്കുകയും ചെയ്തു. ഈ മാസം അവസാനം തുടങ്ങുന്ന ശ്രീലങ്കന്‍ പര്യടനത്തിലാവും ഗംഭീര്‍ പരിശീലകനായി ഔദ്യോഗികമായി ചുമതലയേല്‍ക്കുക. രാഹുല്‍ ദ്രാവിഡ് സ്ഥാനമൊഴിഞ്ഞതോടെ നിലവിലെ ബാറ്റിംഗ് കോച്ച്‌ വിക്രം റാത്തോഡ്, ബൗളിംഗ് കോച്ച്‌ പരസ് മാംബ്രെ, ഫീല്‍ഡിംഗ് കോച്ച്‌ ടി ദിലീപ് എന്നിവരും സ്ഥാനമൊഴിയുമെന്ന് ബിസിസിഐ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Hot Topics

Related Articles