ന്യൂഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ഗൗതം ഗംഭീറിനെ നിയമിച്ച് ബിസിസിഐ. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് പ്രഖ്യാപനം നടത്തിയത്. ടി20 ലോകകപ്പ് കിരീടധാരണത്തോടെ രാഹുല്‍ ദ്രാവിഡ് പടിയിറങ്ങിയതിന് പിന്നാലെയാണ് ഗംഭീറിന്റെ നിയമനം. നേരത്തെ ഇക്കാര്യത്തില്‍ റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയായിരുന്നു ഇതുവരെ. വിവിഎസ് ലക്ഷ്മണ് താല്‍ക്കാലിക പരിശീലകനായി സിംബാബ്വെയ്ക്കെതിരെ 5 മത്സരങ്ങളുടെ ടി20 പരമ്പരയാണ് ഇന്ത്യൻ ടീം ഇപ്പോള്‍ കളിക്കുന്നത്. 3 ടി20യും 3 ഏകദിനങ്ങളും ഉള്‍പ്പെടുന്ന ശ്രീലങ്കൻ പരമ്ബരയോടെ ഗംഭീർ ചുമതല ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. പര്യടനം ജൂലൈ 27ന് ആരംഭിച്ച് ഓഗസ്റ്റ് 7നാണ് അവസാനിക്കുക. അതേസമയം, ഐപിഎല്ലിലെ മികവ് ഉള്‍പ്പെടെയാണ് ഗംഭീറിനെ പരിഗണിക്കാൻ ബിസിസിഐയെ പ്രേരിപ്പിച്ച ഘടകങ്ങളില്‍ ഒന്ന്. 2022ല്‍ ലഖ്നൗ ടീമിന്റെ ഉപദേശകനായാണ് ഗംഭീറിന്റെ രണ്ടാം ഐപിഎല്‍ കരിയറിന് ജീവൻ വച്ചത്. ഈ രണ്ട് വർഷങ്ങളില്‍ ലഖ്നൗ പ്ലേ ഓഫില്‍ എത്തിയത് ഗംഭീറിന്റെ മികവ് കൊണ്ട് കൂടിയായിരുന്നു.