കോട്ടയം: അഴിമതിയും കെടുകാര്യസ്ഥതയും കൊടികുത്തി വാഴുന്ന ജില്ലാ ജിയോളജി വകുപ്പിൽ ശുദ്ധികലശം. അഴിമതിക്കേസിൽ വിജിലൻസിന്റെ റിപ്പോർട്ടിൽ കുടുങ്ങിക്കിടക്കുന്ന ജില്ലാ ജിയോളജി ഓഫിസർക്ക് സ്ഥലം മാറ്റം. ഇദ്ദേഹത്തെ ഉടൻ തന്നെ തരം താഴ്ത്തി ഉത്തരവിറക്കുമെന്ന സൂചനയും മന്ത്രി പി.രാജീവിന്റെ ഓഫിസിൽ നിന്നും ജാഗ്രതാ ന്യൂസ് ലൈവിന് ലഭിച്ചു. ജില്ലാ ജിയോളജിസ്റ്റ് പി.എൻ ബിജുമോനെയാണ് ഇപ്പോൾ സ്ഥലം മാറ്റിയിരിക്കുന്നത്. ഇദ്ദേഹത്തിന് പകരം സീനിയർ മോസ്റ്റ് അസിസ്റ്റന്റ് ജിയോളജിസ്റ്റ് ഡോ.സി.എസ് മഞ്ജുവിനെ ജില്ലാ ജിയോളജിസ്റ്റായി നിയമിച്ചുള്ള ഉത്തരവും പുറത്തിറക്കി. എറണാകുളം ജില്ലയിലെ അസി.ജിയോളജിസ്റ്റായ മഞ്ജുവിനെ പ്രമോഷനോടെയാണ് കോട്ടയത്ത് നിയമിക്കുന്നത്.
മുൻപ് വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ടിൽ അടക്കം ബിജുമോന്റെ പേര് ഉൾപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ബിജുമോനെ സ്ഥലം മാറ്റിയുള്ള ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. കോട്ടയത്ത് മഞ്ജുവിനെ നിയമിച്ചിട്ടുണ്ടെങ്കിലും ബിജുമോന് പകരം സ്ഥാനം നൽകിയിട്ടില്ല. ബിജുവിന്റെ പോസ്റ്റിംങ് ഉത്തരവ് പ്രത്യേകമായി പിന്നാലെ പുറത്തിറങ്ങുമെന്നു ഉത്തരവിൽ പറയുന്നുണ്ട്. ഈ സാഹചര്യത്തിൽ ജാഗ്രതാ ന്യൂസ് ലൈവ് സംഘം മന്ത്രി പി.രാജീവിന്റെ ഓഫിസുമായി ബന്ധപ്പെട്ടപ്പോഴാണ് ബിജുമോനെതിരായ അച്ചടക്ക നടപടിയുടെ വിശദാംശങ്ങൾ ലഭിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അച്ചടക്ക നടപടിയെടുക്കേണ്ട കമ്മിറ്റി കഴിഞ്ഞ ദിവസം ചേർന്ന് ബിജുവിനെതിരെ കടുത്ത നടപടി അടക്കം ശുപാർശ ചെയ്തിട്ടുണ്ട്. ഈ നടപടി ഇനി ഉത്തരവായി ഇറങ്ങേണ്ടത് മാത്രമാണ് ബാക്കിയുള്ളത്. ഈ സാഹചര്യത്തിൽ ബിജുമോനെ തരം താഴ്ത്തിയുള്ള ഉത്തരവ് രണ്ടു ദിവസത്തിനകം പുറത്തിറങ്ങുമെന്നാണ് സൂചന. മുൻപ് ജില്ലാ ജിയോളജി ഓഫിസിൽ വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ ജില്ലയിലെ ജിയോളജി വകുപ്പിൽ നടക്കുന്ന കൊടിയ അഴിമതികളുടെ വിവരങ്ങൾ കണ്ടെത്തിയിരുന്നു.
എന്നാൽ, കൃത്യമായി ജാഗരൂഗരായി അഴിമതി നടത്തുന്നതിനാൽ വിജിലൻസിന് ഒരാളെ പോലും പിടികൂടാൻ ഇതുവരെയും സാധിച്ചിട്ടില്ല. മലയോര മേഖലയിൽ പ്രളയകാലത്ത് അടക്കം ഇത്രത്തോളം നാശനഷ്ടമുണ്ടായത് ജിയോളജി വകുപ്പ് അധികൃതർ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ അനധികൃതമായി മണ്ണെടുക്കാനും, പാറപൊട്ടിക്കാനും ക്വാറി നടത്താനും അനുമതി നൽകിയതിനെ തുടർന്നാണ് എന്നും ആരോപണം ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജില്ലയിലെ ജിയോളജി വകുപ്പിലേയ്ക്കു പുതിയ ഓഫിസർ വരുന്നതോടെ അൽപമെങ്കിലും മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.