കൊല്‍ക്കത്ത : ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ പുറത്തായി.കാല്‍ക്കുഴയ്ക്കേറ്റ പരിക്കില്‍ നിന്ന് മുക്തനാവാത്തതാണ് പാണ്ഡ്യക്ക് തിരിച്ചടിയായത്. പേസര്‍ പ്രസിദ്ധ് കൃഷ്ണയെ പകരക്കാരനായി സ്ക്വാഡില്‍ ഉള്‍പ്പെടുത്തി. ബംഗ്ലാദേശിനെതിരെ പൂനെയില്‍ നടന്ന മത്സരത്തിനിടെ പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യക്ക് ന്യൂസിലന്‍ഡിനും ഇംഗ്ലണ്ടിനും എതിരായ ഇന്ത്യയുടെ മത്സരങ്ങള്‍ നഷ്ടമായിരുന്നു.
ബംഗ്ലാദേശിനെതിരെ കളിക്കുന്നതിനിടെ ഇടത്തേ കാല്‍ക്കുഴയ്ക്ക് പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യ ഉടനടി ചികില്‍സക്കായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ എത്തിയിരുന്നു. പാണ്ഡ്യയോട് എന്‍സിഎയിലെത്താന്‍ ബിസിസിഐ നിര്‍ദേശിക്കുകയായിരുന്നു. ബിസിസിഐ മെഡിക്കല്‍ സംഘത്തിന് കീഴിലെ ചികില്‍സയിലൂടെ പരിക്ക് മാറി നോക്കൗട്ട് ഘട്ടം ആകുമ്പോഴേക്ക് പാണ്ഡ്യക്ക് മൈതാനത്തേക്ക് മടങ്ങിയെത്താനാകും എന്നാണ് നേരത്തെ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പ്രതീക്ഷിച്ച വേഗത്തില്‍ ഹാര്‍ദിക്കിന്റെ പരിക്ക് ഭേദമായില്ല. ഇതോടെ ബൗളിംഗിലും ബാറ്റിംഗിലും ഫീല്‍ഡിംഗിലും നിര്‍ണായകമാകാന്‍ കഴിയുന്ന ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവം നോക്കൗട്ട് ഘട്ടത്തില്‍ ഇന്ത്യക്ക് തിരിച്ചടിയാവും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹാര്‍ദിക് പാണ്ഡ്യക്ക് പകരക്കാരനായി പേസര്‍ പ്രസിദ്ധ് കൃഷ്ണയെ ഇന്ത്യന്‍ സ്ക്വാഡില്‍ ഉള്‍പ്പെടുത്താന്‍ ഐസിസിയുടെ ടെക്നിക്കല്‍ കമ്മിറ്റി അംഗീകാരം നല്കി. ഇതോടെ ഞായറാഴ്ച കരുത്തരായ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തിനുള്ള സെലക്ഷന് പ്രസിദ്ധ് കൃഷ്ണയുടെ പേരുമുണ്ടാകും. ഇന്ത്യക്കായി 19 രാജ്യാന്തര വൈറ്റ് ബോള്‍ മത്സരങ്ങളുടെ (17 ഏകദിനം, രണ്ട് ട്വന്റി 20) പരിചയമാണ് പ്രസിദ്ധിനുള്ളത്. എന്നാല്‍ ഫോമിലുള്ള പേസര്‍മാരായ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുമ്ര എന്നിവരെ മറികടന്ന് പ്ലേയിംഗ് ഇലവനിലെത്തുക പ്രസിദ്ധ് കൃഷ്ണയ്ക്ക് വലിയ വെല്ലുവിളിയാവും