എറണാകുളം: വധുവിവാഹസമയത്ത് ധരിക്കുന്ന ആഭരണങ്ങള്‍ സ്ത്രീധനമല്ലെന്നും മകളുടെ ക്ഷേമത്തിന് മാതാപിതാക്കള്‍ നല്കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ലെന്നും ഹൈക്കോടതി. വിവാഹസമയത്ത് തനിക്ക് ലഭിച്ച ആഭരണങ്ങള്‍ ഭര്‍ത്താവില്‍ നിന്നും തിരിച്ച് കിട്ടാന്‍ യുവതി നല്കിയ പരാതിയെത്തുടര്‍ന്ന് ഇവ തിരികെ നല്കാന് കൊല്ലം ജില്ലാ സ്ത്രീധന നിരോധന ഓഫീസര്‍ ഉത്തരവിട്ടതിനെതിരെ തൊടിയൂര്‍ സ്വദേശിയായ ഭര്‍ത്താവ് നല്കിയ ഹര്‍ജിയിലാണ് പരാമര്‍ശം. ജസ്റ്റിസ് എം.ആര് അനിതയാണ് ശ്രദ്ധേയനിരീക്ഷണം നടത്തിയത്.
തനിക്ക് ലഭിച്ച 55 പവന് സ്വര്‍ണ്ണാഭരണം തിരികെ നല്കാന് യുവതി നല്കിയ ഹര്‍ജിയില്‍ അനുകൂല ഉത്തരവ് ഉണ്ടായിരുന്നു. എന്നാല്‍, ആഭരണങ്ങള്‍ സ്ത്രീധനമല്ലെന്നും ആ നിലയ്ക്ക് ഉത്തരവിടാന്‍ ഓഫീസര്‍ക്ക് അധികാരമില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ആഭരണങ്ങള്‍ സ്ത്രീധനം തന്നെയാണോ എന്ന് ഓഫീസര്‍ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും വിധിയില്‍ പ്രസ്താവിക്കുന്നു. ലോക്കറില്‍ വച്ചിട്ടുള്ള ആഭരണങ്ങളും വിവാഹസമയത്ത് തനിക്ക് നല്കിയ മാലയും തിരികെ നല്‍കാമെന്ന് ഹര്ജിക്കാരന് അറിയിച്ചതോടെ യുവതിയും ഇത് അംഗീകരിച്ചു. ഇതോടെ കേസ് ഒത്തുതീര്‍പ്പായി.