‘അച്ഛന്റെ വസ്ത്രം അഴിച്ച് പരിശോധന നടത്തി, തന്നെ കള്ളി എന്ന് വിളിച്ചു, 50 ലക്ഷം നഷ്ടപരിഹാരം വേണം’; പിങ്ക് പൊലീസ് വിചാരണയ്ക്കിരയായ ജയചന്ദ്രന്റെ മകള്‍ ഹൈക്കോടതിയില്‍

കൊച്ചി: പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് പരസ്യ വിചാരണയ്ക്കിരയാക്കിയ ജയചന്ദ്രന്റെ മകള്‍ ഹൈക്കോടതിയില്‍. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന ചെയ്യാത്ത തെറ്റിന്റെ പേരില്‍ ഉദ്യോഗസ്ഥ തന്നെ കള്ളി എന്ന് വിളിച്ച് അപമാനിച്ചുവെന്നും അച്ഛന്റെ വസ്ത്രം അഴിച്ച് പരിശോധന നടത്തിയെന്നും പെണ്‍കുട്ടി ഹര്‍ജിയില്‍ പറയുന്നു. ചെയ്യാത്ത തെറ്റിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ട തങ്ങള്‍ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും പെണ്‍കുട്ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

Advertisements

ആറ്റിങ്ങല്‍ ഡിവൈഎസ്പിയ്ക്ക് അടക്കം പരാതി നല്‍കിയിട്ടും നടപടിയും ഉണ്ടായില്ലെന്നും ആരോപണവിധേയയായ രജിതയുടെ താല്‍പ്പര്യം പ്രകാരം സ്ഥലം മാറ്റം നല്‍കുകയാണ് ചെയ്തതെന്നും ഹര്‍ജിയില്‍ പറയുന്നു. തന്റെ മൊബൈല്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് അച്ഛനെയും മകളെയും പൊലീസ് ഉദ്യോഗസ്ഥയായ രജിത നടുറോഡില്‍ വെച്ച് ആളുകള്‍ നോക്കിനില്‍ക്കെ ചോദ്യം ചെയ്തത്. പൊലീസ് വാഹനത്തിലെ ബാഗില്‍ നിന്നും മൊബൈല്‍ കിട്ടിയിട്ടും നാട്ടുകാരുടെ മുന്നില്‍ രജിത സ്വന്തം നിലപാട് ന്യായീകരിക്കുകയാണ് ചെയ്തത്.

Hot Topics

Related Articles