മലയാളി സിനിമാപ്രേമികളിൽ ഏറ്റവും കാത്തിരിപ്പ് ഉയർത്തിയ ചിത്രങ്ങളിൽ ഒന്നാണ് ഗോൾഡ്. പ്രേമം കഴിഞ്ഞ് ഏഴ് വർഷത്തിനു ശേഷം അൽഫോൻസ് പുത്രൻ ഒരുക്കുന്ന ചിത്രം എന്നതാണ് ഗോൾഡിൻറെ പ്രധാന യുഎസ്പി. പൃഥ്വിരാജും നയൻതാരയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നതാണ് മറ്റൊരു ആകർഷണം. ഓണം റിലീസ് ആയി എത്തേണ്ടിയിരുന്ന ചിത്രം പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാവത്തതിനാൽ അനിശ്ചിതമായി നീക്കിവെക്കുകയായിരുന്നു. അന്നുമുതൽ ചിത്രത്തിൻറെ അണിയറ പ്രവർത്തകർ സ്ഥിരമായി നേരിടുന്ന ചോദ്യമാണ് ഗോൾഡിൻറെ റിലീസ് എന്നാണ് എന്നത്. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബാബുരാജ് ആണ് ഇത് സംബന്ധിച്ച ഒരു അപ്ഡേഷൻ ആദ്യമായി നടത്തിയത്. ഇപ്പോഴിതാ സോഷ്യൽ മീഡിയ ട്രാക്കർമാരും സാധ്യതയുള്ള ഒരു റിലീസ് തീയതിയെക്കുറിച്ച് പറയുകയാണ്.
ചിത്രം ഡിസംബറിൽ എത്തുമെന്നാണ് രണ്ട് ദിവസം മുൻപ് ബാബുരാജ് ഫേസ്ബുക്കിൽ കുറിച്ചത്. ഗോൾഡ്.. പൂർണ്ണതയ്ക്കുവേണ്ടി ഏറെനാളായി കാത്തിരിക്കുന്നു. ആ കാത്തിരിപ്പ് അവസാനിച്ചിരിക്കുന്നു. അൽഫോൻസ് പുത്രനും സംഘത്തിനും അഭിനന്ദനങ്ങൾ. ഡിസംബർ റിലീസ്, ഗോൾഡിൻറെ ലൊക്കേഷനിൽ നിന്ന് പൃഥ്വിരാജിനൊപ്പമുള്ള തൻറെ ചിത്രം പങ്കുവച്ചുകൊണ്ട് ബാബുരാജ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇപ്പോഴിതാ സാധ്യതയുള്ള ഒരു റിലീസ് തീയതിയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ചിത്രം ഡിസംബർ 2 ന് തിയറ്ററുകളിൽ എത്തിക്കാനുള്ള ആലോചനയിലാണ് നിർമ്മാതാക്കളെന്ന് പ്രമുഖ ട്രാക്കർമാരായ ലെറ്റ്സ് സിനിമ റിപ്പോർട്ട് ചെയ്യുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അൽഫോൻസ് പുത്രൻ ചിത്രത്തിൽ പൃഥ്വിരാജ് ആദ്യമായാണ് അഭിനയിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ പൃഥ്വിരാജും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് നിർമ്മാണം. പൃഥ്വിയുടെ അമ്മ വേഷത്തിലെത്തുന്നത് മല്ലിക സുകുമാരൻ ആണെന്ന പ്രത്യേകതയുമുണ്ട്. പ്രേമത്തിനു ശേഷം എത്തുന്ന അൽഫോൻസ് പുത്രൻ ചിത്രം ആയതിനാൽ തമിഴ്നാട് തിയറ്റർ അവകാശത്തിൽ മികച്ച തുകയാണ് ഗോൾഡ് നേടിയിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 1.25 കോടിക്കാണ് ഇതിൻറെ വിൽപ്പന നടന്നിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.