നോർത്താംപ്റ്റൺ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20യിൽ പ്ലേയിങ് 11 സ്ഥാനം സഞ്ജു സാംസൺ ഇനി മറന്നേക്കൂ. ടി20 പരമ്പരക്ക് മുന്നോടിയായുള്ള രണ്ടാം സന്നാഹത്തിൽ ഗോൾഡൻ ഡെക്കായതോടെയാണ് സഞ്ജുവിന്റെ വഴിയടഞ്ഞത്. നോർത്താംപ്റ്റൺഷെയറിനെതിരായ മത്സരത്തിൽ ഇന്നിങ്സിലെ ആദ്യ പന്തിൽത്തന്നെ സഞ്ജു എൽബിയിൽ കുടുങ്ങുകയായിരുന്നു. ജോഷ് കോബാണ് സഞ്ജുവിനെ വിക്കറ്റിന് മുന്നിൽ കുടുക്കിയത്.
അയർലൻഡിനെതിരായ രണ്ടാം ടി20യിൽ ഫിഫ്റ്റി നേടി പ്രതിഭ കാട്ടിയ സഞ്ജു ആദ്യ സന്നാഹ മത്സരത്തിൽ 38 റൺസും നേടി തിളങ്ങിയിരുന്നു. രണ്ടാം സന്നാഹത്തിലും തിളങ്ങാൻ സാധിച്ചിരുന്നെങ്കിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യിൽ പ്ലേയിങ് 11ൽ സ്ഥാനം സഞ്ജുവിന് പ്രതീക്ഷിക്കാമായിരുന്നു. എന്നാൽ സ്ഥിരതയില്ലെന്ന പ്രശ്നം കരിയറിൽ വീണ്ടും സഞ്ജുവിനെ വേട്ടയാടുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടി20 ലോകകപ്പിലും ഇന്ത്യ സഞ്ജുവിനെ പരിഗണിക്കാനുള്ള സാധ്യതകൾ ഉണ്ടായിരുന്നെങ്കിലും നിർണ്ണായക അവസരം പാഴാക്കിയതോടെ ഇന്ത്യൻ ടീമിൽ അവസരം ലഭിക്കുക ഇനി കടുപ്പമായിരിക്കുമെന്ന് തന്നെ പറയാം. സഞ്ജുവിനെ പിന്തുണക്കുന്ന ആരാധകർ ഏറെയായതിനാൽത്തന്നെ അവരെയാകെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് സഞ്ജു ഇപ്പോൾ കാഴ്ചവെച്ചത്.
ബാക് ഫൂട്ടിൽ സ്പിന്നിനെയും പേസിനെയും വലിയ ഷോട്ടുകൾ കളിക്കാൻ കെൽപ്പുള്ള അപൂർവ്വം താരങ്ങളിലൊരാളാണ് സഞ്ജു. അതുകൊണ്ട് തന്നെ സഞ്ജു ലോകകപ്പ് പദ്ധതികളുടെ ഭാഗമാണെന്നുള്ള സൂചനകൾ നേരത്തെ ഇന്ത്യൻ നായകൻ രോഹിത് ശർമ നൽകിയിരുന്നു. എന്നാൽ ലഭിച്ച അവസരങ്ങളിൽ വലിയ ഇംപാക്ട് സൃഷ്ടിക്കാൻ സാധിക്കാതെ പോയതോടെ സഞ്ജുവിന് മുന്നിൽ ഇനി എപ്പോൾ ഇന്ത്യൻ ടീമിന്റെ വാതിൽ തുറക്കുമെന്ന് പറയാനാവില്ല.
രാജസ്ഥാൻ റോയൽസ് നായകനായി തിളങ്ങിയ സഞ്ജു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനാണ്. ടി20 ലോകകപ്പിലേക്കുള്ള ഇന്ത്യൻ ടീമിൽ ദിനേഷ് കാർത്തിക്, കെ എൽ രാഹുൽ, ഇഷാൻ കിഷൻ എന്നിവരെല്ലാം വിക്കറ്റ് കീപ്പർമാരായി ഉള്ളതിനാൽ സഞ്ജുവിന് കാര്യങ്ങൾ കൂടുതൽ കടുപ്പമാവും. ടോപ് ഓഡർ ബാറ്റ്സ്മാനാണെന്നതും സഞ്ജുവിന് തിരിച്ചടി നൽകുന്ന കാര്യമാണ്.
നേരത്തെ റിഷഭ് പന്ത് തുടർച്ചയായി നിരാശപ്പെടുത്തിയപ്പോൾ സഞ്ജുവിന് റിഷഭിന്റെ പകുതി അവസരങ്ങളെങ്കിലും നൽകണമെന്ന ആവിശ്യം പലരും ഉയർത്തിയിരുന്നു. സഞ്ജു അയർലൻഡ് പര്യടനത്തിൽ തിളങ്ങിയതോടെ കൂടുതൽ അവസരങ്ങൾ പ്രതീക്ഷിച്ചിരുന്നെങ്കിലും നിർണ്ണായക സമയത്ത് ഗോൾഡൻ ഡെക്കായതോടെ അദ്ദേഹത്തിന് കാര്യങ്ങൾ കടുപ്പമായിരിക്കുകയാണ്.