സിനിമാ ഡെസ്‌ക്
കോട്ടയം: മാരക പ്രതീക്ഷയുമായെത്തിയ മരയ്ക്കാർ കടലിലെ കണ്ണീരുപ്പുകുടിച്ചപ്പോൾ, കൊവിഡ് മൂന്നാം തരംഗത്തിനു ശേഷം മിന്നൽപ്പിണറായി ആഞ്ഞടിച്ചാറാടാൻ ഇന്ന് നെയ്യാറ്റിൻകര ഗോപനെത്തുന്നു.! കോട്ടയം ജില്ലയിലെ പതിനാല് തീയറ്ററുകളിൽ ആറാട്ടുമായി ഗോപനിറങ്ങുമ്പോൾ ആഘോഷത്തിന്റെ കൊടിയേറ്റത്തിനാണ് ആരാധകരും ഒരുങ്ങുന്നത്. അന്നൊരു ഹർത്താൽ ദിനത്തിൽ തീയറ്ററുകളെ ഒഴിച്ചു നിർത്താൻ രാഷ്ട്രീയക്കാരെ പഠിപ്പിച്ച് ഒടിവിദ്യയുമായി ഒടിയനിറങ്ങി തീയറ്റുകളെ പിടിച്ചു കുലുക്കിയെങ്കിൽ, കൊവിഡിന്റെ കെട്ടകാലത്തിന് ആറാട്ടോടെ സമാപനം കുറിയ്ക്കാനാണ് ഗോപനെത്തുന്നത്. ആവേശവും ആഘോഷവും മാത്രമാണ് ഗോപനിൽ നിന്നും ആരാധകരും പ്രതീക്ഷിക്കുന്നത്.
കപ്പലിൻരെ കെട്ടൊന്നിറങ്ങി ഹൃദയം തുറന്ന് മലയാളി മകനെ സ്വീകരിച്ചപ്പോഴാണ് അപ്രതീക്ഷിതമായി കൊവിഡ് കൊമ്പുകുലുക്കി മൂന്നാമതും എത്തിയത്. എസിയിലിരുന്ന് അപകടം ക്ഷണിച്ചു വരുത്തേണ്ടെന്നു കരുതി, രണ്ടാഴ്ച തീയറ്ററുകൾ അടച്ചിട്ടപ്പോഴും മകൻ മടങ്ങിവരുന്നതും കാത്തിരിക്കുകയായിരുന്നു ആരാധകർ. മകന്റെ ഹൃദയം മലയാളിയുടെ ഹൃദയമിടിപ്പായി മാറിയ ഹിറ്റുകാലത്താണ് അച്ഛൻ ആറാട്ടിനിറങ്ങുന്നത്. ആറാട്ടോടെ എല്ലാം അടച്ചു പൂട്ടി പോകാനല്ല, ആഘോഷത്തിന്റെ പൂരക്കാലത്തിന് തുടക്കമിടാനാണ് ആരാധകൻ ആഗ്രഹിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൊമ്പൻ നിരന്നിറങ്ങുമ്പോൾ പൂരപ്പറമ്പിൽ ആഘോഷത്തിന്റെ വെടിക്കെട്ടല്ലാതെ മറ്റൊന്നുമുണ്ടാകില്ലല്ലോ നിറഞ്ഞു നിൽക്കാൻ. നിലയില്ലാക്കയത്തിലേയ്ക്കു മുങ്ങിത്താഴുന്ന തീയറ്ററുകാർക്ക് ഒരു തുമ്പിക്കൈ സഹായവുമായി ഗോപനും കൂട്ടരും എത്തുമ്പോൾ മലയാളത്തിലെ തലയെടുപ്പുള്ള കൊമ്പന്റെ തിരശീലയിൽ നിന്നും കോടിക്കിലുക്കമില്ലാതെ മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല. പുലിയെ വേട്ടയാടി, ഒടിയൻ മാണിക്യനോട് കൂട്ട് കൂടിയെത്തിയപ്പോഴെല്ലാം നൂറിന്റെ കിലുക്കം നൽകി തിരശീല താരരാജാവിനെ സ്വീകരിച്ചിട്ടുണ്ട്. ഇക്കുറിയും ആ ആഘോഷക്കാലം തന്നെയാണ് പ്രതീക്ഷിക്കുന്നത്.
തോള് ചെരിച്ച്, മുണ്ടുമുറുക്കി, മീശപിരിച്ച് നെയ്യാറ്റിൻകരയിൽ ഗോപൻ ആറാട്ടിനിറങ്ങുമ്പോൾ ആരാധകർ ആവേശക്കൊടിയേറ്റത്തോടെയാണ് നോക്കുന്നത്. ആരാധകർ മാത്രമല്ല മലയാള സിനിമ മുഴുവൻ ഇന്ന് ഉറ്റുനോക്കുന്നത്. കോട്ടയം നഗരത്തിൽ ആനുപമ, അനശ്വര, അഭിലാഷ്, ആനന്ദ് , ധന്യ, രമ്യ തീയറ്ററുകൾ അടക്കം കോട്ടയത്തെ 14 തീയറ്ററുകളിലാണ് ആറാട്ടിനായി ഗോപനിറങ്ങുന്നത്. ആഘോഷം മാത്രം പ്രതീക്ഷിച്ച് നമുക്കും ഗോപനെ സ്വീകരിക്കാം.