കരിയര്‍ ഏറ്റവും വലിയ ഉയരത്തില്‍ നില്‍ക്കുമ്പോഴാണ് സിനിമ വിട്ട്, താന്‍ ഏറെക്കാലം മനസില്‍ കൊണ്ടുനടന്ന മുഴുവന്‍സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് വിജയ് ഇറങ്ങുന്നത്. കോളിവുഡില്‍ ഏറ്റവുമധികം ആരാധകരുള്ള വിജയ്‍യുടെ സിനിമകള്‍ക്ക് പ്രീ റിലീസ് ഹൈപ്പ് ലഭിക്കുക സാധാരണമാണ്. സമീപകാല ചിത്രങ്ങളായ ബീസ്റ്റിനും ലിയോയ്ക്കുമൊക്കെ അത് ഏറ്റവും വലിയ അളവിലായിരുന്നു. വന്‍ വിജയം നേടിയ ലിയോയ്ക്ക് ശേഷം വിജയ് നായകനാവുന്ന ചിത്രം എന്ന നിലയില്‍ വെങ്കട് പ്രഭുവിന്‍റെ ഗോട്ടിന് (ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം) വന്‍ ഹൈപ്പാണ് പ്രഖ്യാപന സമയം മുതല്‍ ലഭിച്ചിരുന്നത്. കഴിഞ്ഞ ദിവസം സിനിമാ കരിയര്‍ അവസാനിപ്പിക്കുകയാണെന്ന വിജയ്‍യുടെ പ്രഖ്യാപനം കൂടി എത്തിയതോടെ ഈ ചിത്രത്തിന് മേലുള്ള പ്രേക്ഷകാവേശവും വര്‍ധിച്ചിരിക്കുകയാണ്.
ഇപ്പോഴിതാ ഗോട്ട് സംബന്ധിച്ച ഒരു പുതിയ റിപ്പോര്‍ട്ട് എത്തിയിരിക്കുകയാണ്. ചിത്രത്തിന്‍റെ ഒടിടി ഡീല്‍ ഉറപ്പിച്ചിരിക്കുകയാണെന്നതാണ് അത്. എല്ലാ ഭാഷാ പതിപ്പുകളുടെയും കരാര്‍ ഒടിടിയ്ക്ക് ഒന്നിച്ച് നല്‍കുന്നതിന് പകരം രണ്ടായിട്ടാണ് ഇക്കുറി വില്‍പ്പന നടത്തിയിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. തമിഴ് ഒറിജിനലിനൊപ്പം തെലുങ്ക്, മലയാളം, കന്നഡ പതിപ്പുകള്‍ ഒരു കരാര്‍ പ്രകാരവും ഹിന്ദി പതിപ്പ് മാത്രം മറ്റൊരു കരാര്‍ പ്രകാരവുമാണ് വില്‍പ്പന നടത്തിയിരിക്കുന്നതെന്ന് പ്രസ്തുത റിപ്പോര്‍ട്ടില്‍ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തെന്നിന്ത്യന്‍ ഭാഷാ പതിപ്പുകളുടെ ഒടിടി അവകാശം വിറ്റ വകയില്‍ നിര്‍മ്മാതാക്കളായ എജിഎസ് എന്‍റര്‍ടെയ്ന്‍മെന്‍റിന് ലഭിച്ചിരിക്കുന്നത് 125 കോടിയാണ്. ഹിന്ദി പതിപ്പ് മാത്രം വിറ്റ വകയില്‍ ലഭിച്ചിരിക്കുന്നത് മറ്റൊരു 25 കോടിയും. അതായത് ചിത്രീകരണം പൂര്‍ത്തിയാകും മുന്‍പു തന്നെ ഒടിടി അവകാശം വിറ്റ വകയില്‍ ചിത്രം നേടിയിരിക്കുന്നത് 150 കോടിയാണ്! എന്നാല്‍ ഏത് പ്ലാറ്റ്‍ഫോമുമായാണ് കരാര്‍ എന്നത് പുറത്തെത്തിയിട്ടില്ല.
അതേസമയം ഹിന്ദി പതിപ്പിന്‍റെ ഒടിടി അവകാശം പ്രത്യേകം വില്‍ക്കാന്‍ നിര്‍മ്മാതാക്കളെ പ്രേരിപ്പിച്ചത് അവസാന വിജയ് ചിത്രം ലിയോ നേരിട്ട പ്രതിസന്ധി ആയിരുന്നു. ലിയോയുടെ ഒടിടി കരാര്‍ അനുസരിച്ച് ചിത്രത്തിന്‍റെ ഹിന്ദി പതിപ്പിന്‍റെ തിയട്രിക്കല്‍ റിലീസിന് നിര്‍മ്മാതാക്കളായ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ പ്രതിസന്ധി നേരിട്ടിരുന്നു. ഹിന്ദി ചിത്രങ്ങളുടെ ഒടിടി റിലീസിലേക്കുള്ള കാലയളവ് നിലവില്‍ കൂടുതലാണ് എന്നതിനാലായിരുന്നു അത്. ഇത് മുന്‍കൂട്ടി കണ്ടാണ് ഗോട്ട് നിര്‍മ്മാതാക്കള്‍ ഹിന്ദി പതിപ്പിന്‍റെ ഒടിടി അവകാശം പ്രത്യേകം വില്‍പ്പന നടത്തിയിരിക്കുന്നത്.