തൊടുപുഴ : അവധി ദിവസവും പ്രവര്‍ത്തനസജ്ജരായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായുള്ള ജില്ലാതല കര്‍മപദ്ധതി നടപ്പാക്കുന്നതിന് ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകള്‍ ഇന്നലെ തുറന്നുപ്രവര്‍ത്തിച്ചു. രണ്ടാം ശനിയാഴ്ച അവധി ദിവസമാണെങ്കിലും ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫിസുകളില്‍ ഉദ്യോഗസ്ഥര്‍ കൃത്യസമയത്തെത്തി മാതൃകാപരമായ സേവനം കാഴ്ചവച്ചു. കോവിഡ് പ്രതിസന്ധിമൂലം തുടര്‍നടപടികള്‍ വൈകിയ ഫയലുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിനായാണ് ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞ പരിപാടി ആവിഷ്‌കരിച്ചത്.
ജില്ലാ കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, എഡിഎം ഷൈജു പി. ജേക്കബ് ഉള്‍പ്പെടെ എല്ലാ ഉദ്യോഗസ്ഥരും ജോലിക്ക് ഹാജരായി. ജില്ലയിലെ ആര്‍.ഡി.ഒ ഓഫീസും എല്ലാ താലൂക്ക് ഓഫീസുകളും തുറന്നു പ്രവര്‍ത്തിച്ചു. റവന്യൂ വകുപ്പില്‍ ജൂണ്‍ 20 മുതല്‍ ഇന്നേദിവസം വരെ 7,724 ഫയലുകള്‍ തീര്‍പ്പാക്കി ഇതര വകുപ്പുകളില്‍ അദാലത്തിന്റെ ഭാഗമായി 13,128 ഫയലുകള്‍ തീര്‍പ്പാക്കി. ഫയല്‍ തീര്‍പ്പാക്കലിന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ 20,852 ഫയലുകള്‍ തീര്‍പ്പാക്കി. തുടര്‍ന്നുള്ള ദിവസങ്ങളിലും മുഴുവന്‍ ഫയലുകളും തീര്‍പ്പാക്കുന്നനുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.