തിരുവനന്തപുരം: കേന്ദ്ര ഏജൻസികളുടെ അന്വേഷണ പരിധിയിലേക്ക് കെഎസ്ഐഡിസി കൂടി വന്നത് സര്‍ക്കാരിനെയും സിപിഎമ്മിനെയും കടുത്ത വെട്ടിലാക്കുന്നു. രജിസ്റ്റാര്‍ ഓഫ് കമ്പനീസിന്റെ പ്രാഥമിക അന്വേഷണത്തിലെ ചോദ്യങ്ങള്‍ക്ക്, കെഎസ്ഐഡിസി മറുപടി പോലും നല്‍കിയില്ലെന്ന കണ്ടെത്തല്‍, സര്‍ക്കാറിന് കുരുക്കാണ്. വിശദാന്വേഷണത്തിനുള്ള കോര്‍പ്പറേറ്റ് മന്ത്രാലയത്തിന്റെ ഉത്തരവിനോട് സിപിഎം നേതാക്കളും മന്ത്രിമാരും പ്രതികരിക്കാതെ ഒഴിഞ്ഞുമാറി.
മാസപ്പടി വിവാദം കത്തിനില്‍ക്കെ രണ്ട് കമ്പനികള്‍ തമ്മിലുണ്ടാക്കിയ സുതാര്യമായ കരാറെന്ന് പറഞ്ഞുള്ള വാര്‍ത്താകുറിപ്പിലൂടെയാണ് ഓഗസ്റ്റ് പത്തിന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് സിഎംആര്‍എല്‍-എക്സാ ലോജിക് ഇടപാടിന് ക്ലീൻ ചിറ്റ് നല്‍കിയത്. ഇടപാടില്‍ സര്‍ക്കാറിനും പാര്‍ട്ടിക്കും ബന്ധമില്ലെന്ന നേതാക്കളുടെ ആവര്‍ത്തിച്ചുള്ള ന്യായീകരണങ്ങള്‍ എല്ലാം പൊളിക്കുന്നതാണ് കോര്‍പ്പറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിൻറെ അന്വേഷണ ഉത്തരവ്. സിഎംആര്‍എല്ലില്‍ 14 ശതമാനം ഓഹരിയാണ് വ്യവസായ വകുപ്പിന് കീഴിലെ കെഎസ്ഐഡിസിക്കുള്ളത്. എക്സാലോജിക്-സിഎംആര്‍എല്‍ ഇടപാടില്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസിൻറെ പ്രാഥമിക അന്വേഷണത്തില്‍ കെഎസ്ഐഡിസി മറുപടി പോലും നല്‍കാത്തതാണ് അതീവ ദുരൂഹം. എല്ലാം സുതാര്യമെങ്കില്‍ അത് തെളിയിക്കാൻ സര്‍ക്കാറിന് മുന്നിലെ അവസരമായിരുന്നു കെഎസ്ഐഡിസിയോടുള്ള ചോദ്യം. ഇടപാടിലെ ക്രമക്കേടുകളില്‍ കെഎസ്ഐഡിസിക്കും പങ്കുണ്ടെന്ന വാദത്തെ ബലപ്പെടുത്തുന്നതാണ് ഒഴിഞ്ഞുമാറല്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വീണയുടെ കമ്പനിയുടെ ഇടപാട് സുതാര്യമാണെന്ന മുഖ്യമന്ത്രിയുടെ പ്രതിരോധവും തള്ളുന്നതാണ് പുതിയ അന്വേഷണ ഉത്തരവ്, എക്സാലോജികിൻറെ ഭാഗം കേട്ടില്ലെന്ന വാദം ഇനി നിലനില്‍ക്കില്ല. മാസപ്പടി വിവാദത്തിന് പിന്നാലെ എക്സാലോജിക് പ്രവര്‍ത്തനം തന്നെ നിര്‍ത്തിയിരുന്നു. എക്സാലോജിക്കില്‍ ക്രമക്കേട് ഉണ്ടായെന്നാണ് ആര്‍ഒസി ബംഗ്ളൂരുവിൻറെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. മാസപ്പടി ചോദ്യങ്ങള്‍ക്കെല്ലാം നേരത്തെ ഓണാംശംസ നല്കി ഒഴിഞ്ഞ് മാറിയവരും മുഖ്യമന്ത്രിയുടെ മകള്‍ക്കെന്താ ബിസിനസ് നടത്തികൂടെ എന്ന് ചോദിച്ച സിപിഎം നേതാക്കളും പുതിയ അന്വേഷണ ഉത്തരവിനോട് മിണ്ടിയില്ല. നിയമസഭസമ്മേളനവും ലോക്സഭാ തെരഞ്ഞെടുപ്പും അടുത്തിരിക്കെയാണ് ഇരുളിലായിരുന്ന മാസപ്പടി വിവാദം വീണ്ടും കൂടുതല്‍ ശക്തമായി കത്തിത്തുടങ്ങുന്നത്.