തിരുവനന്തപുരം: വയനാട് ദുരന്ത ബാധിതരെ സഹായിക്കാൻ സർക്കാർ ജീവനക്കാർ തുക നല്കുന്ന കാര്യത്തില്‍ തീരുമാനമായി. കുറഞ്ഞത് അഞ്ച് ദിവസത്തെ ശമ്പളം നല്‍കാം എന്ന സർവീസ് സംഘടനകളുടെ നിർദേശം സർക്കാർ അംഗീകരിച്ചു. കൂടുതല്‍ നല്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനും അവസരമുണ്ട്. ആരെയും നിർബന്ധിക്കില്ല. മേലധികാരിക്ക് സമ്മത പത്രം നല്‍കുന്നവരുടെ ശമ്പളം സ്പാർക്കില്‍ ക്രമീകരണം വരുത്തി ഈടാക്കും. അടുത്ത ശമ്ബളം മുതല്‍ തുക പിടിക്കും. ഒറ്റ തവണ ആയോ മൂന്ന് തവണ ആയോ നല്‍കാം.
റീ ബില്‍ഡ് വയനാടിനായി സർവ്വീസ് സംഘടനകളുടെ യോഗത്തില്‍ മുഖ്യമന്ത്രിയാണ് ശമ്പളത്തില്‍ നിന്നുള്ള വിഹിതം ആവശ്യപ്പെട്ടത്. ആയിരം കോടിയെങ്കിലും പുനരധിവാസത്തിനാായി വേണ്ടിവരുമെന്നാണ് മുഖ്യമന്ത്രി സംഘടനാ പ്രതിനിധികളെ അറിയിച്ചത്. പത്ത് ദിവസത്തെ ശമ്ബളം നല്‍കേണ്ടിവരുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ അഞ്ച് ദിവസത്തെ ശമ്ബളം നല്‍കാമെന്ന സംഘടനാ പ്രതിനിധികള്‍ അറിയിക്കുകയായിരുന്നു. ശമ്ബള വിഹിതം നിർബന്ധമാക്കി ഉത്തരവിടരുതെന്നാണ് സർവ്വീസ് സംഘടനകള്‍ ആവശ്യപ്പെട്ടത്. താല്പര്യമുള്ളവരില് നിന്ന് തുക ഈടാക്കണമെന്നും ഗഡുക്കളായി നല്കാൻ അവസരം ഒരുക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.