കൊച്ചി: ആരാധകരേറെയുള്ള താരങ്ങളാണ് ജി.പി എന്ന പേരില്‍ അറിയപ്പെടുന്ന ഗോവിന്ദ് പത്മസൂര്യയും ഗോപികയും. ഇരുവരുടെയും വിവാഹവും അതിനുശേഷമുള്ള ഓരോ വിശേഷവും ട്രെന്‍ഡിങ് ആകാറുണ്ട്. പതിവായി യൂട്യൂബ് വീഡിയോകള്‍ പങ്കുവയ്ക്കാറില്ലെങ്കിലും വിശേഷങ്ങളെല്ലാം ആരാധകരെ ഇവര്‍ അറിയിക്കാറുണ്ട്. വിവാഹത്തിനു ശേഷം തന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ചാണ് ജിപി അടുത്തിടെ നൽകിയ ഒരഭിമുഖത്തിൽ സംസാരിക്കുന്നത്.
അച്ഛനും അമ്മയുമായി ഇത്രയും നേരം ചെലവഴിക്കാൻ തുടങ്ങിയത് വിവാഹത്തിന് ശേഷമാണ്. ഭക്ഷണം കഴിച്ചതിനു ശേഷം എല്ലാവരും ഒന്നിച്ചിരുന്ന് സംസാരിക്കണം എന്നൊക്കെ ഗോപികക്ക് നിർബന്ധമാണ്. അപ്പോഴാണ് ഞാൻ അമ്മയെ അത്രയും ഹാപ്പിയായി കണ്ടത്. അല്ലെങ്കിൽ ഞാൻ എന്റെ ലോകത്തായിരിക്കും. എന്തൊക്കെയോ പരിപാടികൾ ചെയ്തുകൊണ്ട് ഇരിക്കുകയായിരിക്കും. ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെന്ന് ഞാൻ അറിയുന്നുണ്ടായിരുന്നില്ല. അച്ഛന്റെയും അമ്മയുടെയുമൊക്കെ കുറേ കഥകൾ അറിഞ്ഞത് ഗോപിക വന്നതിനു ശേഷമാണ്”, സ്പോട്ട്ലൈറ്റ് മലയാളം എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ ഗോവിന്ദ് പത്മസൂര്യ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
”കല്യാണം കഴിക്കണം എന്നും എനിക്ക് തോന്നിയിരുന്നില്ല. അല്ലാതെ തന്നെ കുറേ കാര്യങ്ങൾ ചെയ്യാൻ ഉണ്ടായിരുന്നു. വിവാഹജീവിതത്തിലേക്ക് ചെലവഴിക്കാൻ സമയവും ഊർജവും ഉണ്ടായിരുന്നില്ല. ഫുൾ സെറ്റിൽ ആയിട്ടോ സ്റ്റാർ ആയിട്ടോ വിവാഹം കഴിക്കാൻ പറ്റില്ല എന്ന് പിന്നീട് എനിക്ക് മനസിലായി”, ജിപി കൂട്ടിച്ചേർത്തു. പ്രണയത്തിലാകുന്ന എല്ലാവരും സന്തോഷമുള്ളവർ ആയിരിക്കണമെന്നും പ്രണയിക്കുന്ന എല്ലാവരുടെയും മുഖത്ത് ഒരു പ്രത്യേക ഗ്ലോ ഉണ്ടാകുമെന്നും ജിപി അഭിമുഖത്തിൽ പറഞ്ഞു.
അഭിനേതാവ്, അവതാരകൻ എന്നീ നിലകളിൽ പ്രശസ്തനാണ് ജിപി എന്നറിയപ്പെടുന്ന ഗോവിന്ദ് പത്മസൂര്യ. ‘അടയാളങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് ജിപി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് റിയാലിറ്റി ഷോ അവതാരകനായും തിളങ്ങി. ബാലതാരമായിട്ടാണ് ഗോപിക സിനിമയിൽ എത്തിയത്. ശിവം എന്ന ബിജു മേനോൻ ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഇപ്പോൾ സീരിയലുകളിൽ സജീവമാണ് താരം.