മൂവി ഡെസ്ക്ക് : ഇടവേളയ്ക്ക് ശേഷം ജോഷിയുടെ തിരിച്ചുവരവ് ചിത്രമായിരുന്ന പൊറിഞ്ചു മറിയം ജോസ് ടീം വീണ്ടുമൊന്നിക്കുന്നു എന്നതായിരുന്നു ആന്റണിക്ക് ലഭിച്ച പ്രീ റിലീസ് ശ്രദ്ധയുടെ പ്രധാന കാരണം.പൊറിഞ്ചു മറിയം ജോസിലെ മൂന്ന് ടൈറ്റില്‍ കഥാപാത്രങ്ങളും- ജോജു ജോര്‍ജ്, നൈല ഉഷ, ചെമ്ബന്‍ വിനോദ് ഇവര്‍ക്കൊപ്പം കല്യാണി പ്രിയദര്‍ശനും ചേരുന്നതാണ് ആന്റണിയിലെ പ്രധാന താരനിര. രാജേഷ് വര്‍മ്മയാണ് ആക്ഷനും ഇമോഷനും ഒരേപോലെ പ്രാധാന്യമുള്ള ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.
പൊറിഞ്ചു മറിയം ജോസിന് ശേഷം ജോജു ജോര്‍ജ് വീണ്ടും ജോഷിയുടെ ടൈറ്റില്‍ കഥാപാത്രമായി മാറുകയാണ് ആന്റണിയിലൂടെ. കാട്ടാളന് പൊറിഞ്ചുവിനെപ്പോലെ തിരക്കഥയില്‍ വെയ്റ്റ് ഉള്ള കഥാപാത്രമാണ് ആന്റണിയും. പുതുതലമുറ നായകന്മാരില് മാസ് കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ തന്നോളം കാലിബര്‍ ഉള്ളവര്‍ കുറവാണെന്ന് ജോജു വീണ്ടും തെളിയിക്കുകയാണ് ആന്റണിയിലൂടെ. അവറാന് സിറ്റി എന്ന ഹൈറേഞ്ചിലെ സാങ്കല്പിക പ്രദേശമാണ് ചിത്രത്തിന്റെ കഥാഭൂമിക. സുഹൃത്തുക്കളുടെയും അടുപ്പക്കാരുടെയും കണ്ണിലുണ്ണിയായ, എന്നാല്‍ എതിരാളികള്‍ക്ക് മുന്നില്‍ അത്രത്തോളം പരുക്കനായ ആളാണ് ആന്റണി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മസില് പവര്‍ ഉപയോഗിച്ച് കാര്യങ്ങള്‍ സ്വന്തം വഴിക്കാക്കാന്‍ പലരും ആന്റണിയുടെയും സംഘത്തിന്റെയും സഹായം തേടാറുണ്ട്. പുറമേയ്ക്കുള്ള ഈ പരുക്കന്‍ സ്വഭാവം ആന്റണിക്ക് എങ്ങനെ വന്നു എന്നത് കുട്ടിക്കാലം മുതല്‍ അയാളെ അറിയുന്നവര്‍ക്ക് അറിയാം. അതിനാല്‍ത്തന്നെ ആന്റണിയുടെ ഏത് പ്രവര്‍ത്തിയും അവര്‍ നീതീകരിക്കുകയും ചെയ്യും. ഒരിക്കല്‍ ഒരു സുഹൃത്തിനുവേണ്ടി പകരം ചോദിക്കാന്‍ ഇറങ്ങുന്ന ആന്റണിയുടെ ജീവിതത്തില്‍ അവിചാരിതമായ പല മാറ്റങ്ങളും സംഭവിക്കുകയാണ്. ആ മാറ്റങ്ങള്‍ എന്തൊക്കെയാണെന്നാണ് ചിത്രം പറയുന്നത്.