സ്പോർട്സ് ഡെസ്ക്ക് : ഞായറാഴ്ച ലോകകപ്പ് ഫൈനലില്‍ ആസ്ട്രേലിയയെ നേരിടുന്ന രോഹിത് ശര്‍മയും സംഘവും കിരീടത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ ലോക ക്രിക്കറ്റിലെ മൂന്നാം കിരീടം. ലീഗ് റൗണ്ടിലെ ഒൻപത് മത്സരങ്ങളും ആധികാരികമായി ജയിച്ച്, സെമിയില്‍ ന്യൂസിലൻഡിനെ തോല്‍പ്പിച്ചെത്തിയ ഇന്ത്യൻ ടീം ബാറ്റിങ്ങിലും ബൗളിങ്ങിലും കാഴ്ചവെക്കുന്ന ഓള്‍ റൗണ്ട് പ്രകടനം തന്നെയാണ് ആരാധകര്‍ക്ക് വാനോളം പ്രതീക്ഷ നല്‍കുന്നത്. എന്നാല്‍, ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് 2011ല്‍ ഇന്ത്യ ലോകകപ്പ് നേടുമ്പോള്‍ ടീമിലുണ്ടായിരുന്ന യുവരാജ് സിങ്.
സ്വന്തം പിഴവുകള്‍ കൊണ്ടു മാത്രമേ ഇന്ത്യക്ക് തോല്‍ക്കാനാകൂവെന്നും കഴിഞ്ഞ അവസരങ്ങളിലെല്ലാം ഇന്ത്യയെ പിടികൂടിയിരുന്നത് ഇതായിരുന്നുവെന്നും 41കാരനായ യുവരാജ് ഓര്‍മപ്പെടുത്തുന്നു. മൂന്ന് ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരുടെ പ്രകടനത്തെ ആശ്രയിച്ചാണ് ഇന്ത്യയുടെ വിജയമെന്നും അദ്ദേഹം വ്യക്തമാക്കി. ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരുടെ പ്രകടനം തന്നെയാണ് ഈ ലോകകപ്പില്‍ ഇന്ത്യൻ വിജയത്തില്‍ നിര്‍ണായകമായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘സ്വന്തം പിഴവുകളാല്‍ ഇന്ത്യ ഫൈനലില്‍ തോല്‍ക്കാം. കഴിഞ്ഞ അവസരങ്ങളില്‍ നമ്മളത് കണ്ടതാണ്. മൂന്ന് ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ വളരെ നിര്‍ണായകമാണ്. അവര്‍ റണ്‍സ് നേടുകയാണെങ്കില്‍, ആസ്ട്രേലിയയുടെ സാധ്യതകള്‍ ഇല്ലാതാകും. പക്ഷേ, നമ്മുടെ ടോപ് മൂന്ന് ബാറ്റര്‍മാരെ പുറത്താക്കാൻ ഓസീസിന് കഴിഞ്ഞാല്‍ ഇന്ത്യ സമ്മര്‍ദത്തിലാകും. മധ്യനിര എങ്ങനെ സാഹചര്യം കൈകാര്യം ചെയ്യുന്നുവെന്ന് കണ്ടറിയേണ്ടിവരും’ -യുവരാജ് പറഞ്ഞു.
2003ലെ ആസ്ട്രേലിയൻ ടീമിനു സമാനമായാണ് ഇന്ത്യ ഇപ്പോള്‍ കളിക്കുന്നത്. അവര്‍ അന്ന് അപരാജിതരായിരുന്നു. ഫൈനലില്‍ ഇന്ത്യയെ തോല്‍പിച്ചു. അതിനു സമാനമായാണ് ഇന്ത്യ ഫൈനലിലെത്തിയത്. ഫൈനലില്‍ എതിരാളികള്‍ ആസ്ട്രേലിയയും. ഇന്ത്യ ശക്തരാണ്, ലോകകപ്പ് നേടാനാകും. രോഹിത് ശര്‍മ ടീമിനായി നന്നായി കളിക്കുന്നു, മികച്ച ക്യാപ്റ്റനാണ്. ബൗളിങ്ങില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താൻ അദ്ദേഹത്തിന് കഴിയുമെന്നും യുവരാജ് കൂട്ടിച്ചേര്‍ത്തു.