മൂവി ഡെസ്ക്ക് : മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം കൊണ്ടും, അഭിനേതാക്കളുടെ പ്രകടനങ്ങള്‍ കൊണ്ടും കാതല്‍ എന്ന മമ്മൂട്ടി ചിത്രം നിറഞ്ഞ കയ്യടികളോടെ പ്രദര്‍ശനം തുടരുകയാണ്. സിനിമയിലെ മാത്യു ദേവസി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ മമ്മൂട്ടി കാണിച്ച ധൈര്യത്തിനും, സ്വവര്‍ഗാനുരാഗത്തെ വൃത്തിയില്‍ പറഞ്ഞുവെക്കാൻ കാണിച്ച ആര്‍ജ്ജവത്തിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമ കണ്ട അനുഭവം പങ്കുവെക്കുകയാണ് സംസ്ഥാന പുരസ്‌കാര ജേതാവായ സംവിധായിക ശ്രുതി ശരണ്യം.
സ്വത്വരാഷ്ട്രീയത്തെ ഇത്ര കയ്യടക്കത്തോടെയും, ഒരു ശരാശരി മലയാളി കാഴ്ച്ചക്കാരനിലേക്ക് ഇറങ്ങിച്ചെല്ലാനുതകുന്നത്ര ലാളിത്യത്തോടെ പരിചരിച്ച പൂര്‍വ്വമാതൃകകള്‍ മലയാളത്തിലുണ്ടോ എന്ന് സംശയമാണെന്നാണ് ചിത്രത്തെക്കുറിച്ച് ശ്രുതി പറയുന്നത്. കാതലിലെ മാത്യുവിനെയും ഓമനെയും പൊലെ നിരവധി പേര്‍ അവനവനിടങ്ങളെ വെറും സമാന്തരലോകങ്ങളായി ഉള്ളിലൊളിപ്പിക്കുന്നുവെന്നും, തന്റെ ക്രാഫ്റ്റ് അന്യാദൃശമാണെന്ന് ജിയോ ബേബി കാതലിലൂടെ വീണ്ടും തെളിയിച്ചിരിക്കുന്നുവെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ശ്രുതി പറയുന്നു.