അഹമ്മദാബാദ്: ടൂർണമെന്റിലെ അവസാന സ്ഥാനക്കാരും ഒന്നാം സ്ഥാനക്കാരും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ കണ്ടത് ലോ സ്‌കോറിംങ് ത്രില്ലർ. അവസാന സ്ഥാനക്കാരെ അട്ടിമറിച്ച ഒന്നാം സ്ഥാനക്കാർ നേടിയത് അവസാന പന്തിൽ അഞ്ചു റണ്ണിന്റെ വിജയം…!
ഗുജറാത്തിനെ അട്ടിമറിച്ച് ഡൽഹി. ഒറ്റയ്ക്കു പാണ്ഡ്യ നടത്തിയ പോരാട്ടം വിഫലം.
സ്‌കോർ
ഡൽഹി -130/8
ഗുജറാത്ത് – 125/6
ടോസ് നേടി ബാറ്റിംങിന് ഇറങ്ങിയ ഡൽഹിയ്ക്ക് മുഹമ്മദ് ഷമിയുടെ ആദ്യ സ്‌പെല്ലിന്റെ ഷോക്കിൽ നിന്നും പുറത്ത് വരാനെ സാധിച്ചില്ല. നേരിട്ട ആദ്യ പന്തിൽ തന്നെ ഫിൽ സാൾട്ട് റണ്ണെടുക്കും മുൻപ് പുറത്ത്. അടുത്ത ഓവറിന്റെ ആദ്യ പന്തിൽ പ്രതീക്ഷയായിരുന്ന വാർണ്ണർ (2) റണ്ണൗട്ട്. രണ്ടാം ഓവർ എറിയാൻ വന്ന ഷമിയുടെ ഇര എട്ടു റണ്ണെടുത്ത റൂസോ. നാലാം ഓവറിന്റെ ആദ്യ പന്തിൽ മനീഷ് പാണ്ടെ (1), ഇതേ ഓവറിന്റെ അവസാന പന്തിൽ പ്രിയം ഗാർഗ് (10) 23 ന് അഞ്ച് എന്ന നിലയിലേയ്ക്കു ഡൽഹിയെ തള്ളിവിടാൻ ഇത് മാത്രം മതിയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നീട്, അക്‌സർ പട്ടേലും (27) അമാൻ ഹക്കീം ഖാനും (51) ചേർന്ന് നടത്തിയ ചെറുത്തു നിൽപ്പാണ് നാണക്കേടിൽ നിന്ന് ഡൽഹിയെ കരകയറ്റിയത്. സ്‌കോർ 73 ൽ നിൽക്കെയാണ് ഡൽഹിയ്ക്ക് അക്‌സറിനെ നഷ്ടമായത്. പിന്നീട് റിഫൽ പട്ടേലിനെ (23) കൂട്ട് പിടിച്ച് അമാൻ ഒരു വശത്ത് ടീമിനെ നൂറ് കടത്തി. സ്‌കോർ 126 ൽ അമാൻ പുറത്തായി. പിന്നീട്, നാല് റൺ കൂടി ചേർത്തപ്പോഴേയ്ക്കും റിഫാൽ പട്ടേലും പുറത്തായി. ഇതേ സ്‌കോറിൽ തന്നെ ടീം ഇന്നിംങ്‌സും അവസാനിപ്പിച്ചു.
മറുപടി ബാറ്റിംങിന് ഇറങ്ങിയ ഗുജറാത്ത് ഒരു ഘട്ടത്തിൽ 32 ന് നാല് എന്ന നിലയിൽ തകർന്നിരുന്നു. സാഹ (0), ഗിൽ (6), വിജയ് ശങ്കർ (6), മില്ലർ (0) എന്നിവർ അതിവേഗം പുറത്തായതാണ് ടീമിനെ പ്രതിസന്ധിയിലാക്കിയത്. പിന്നീട്, ക്യാപ്റ്റൻ ഹാർദിക്കും , അഭിനവ് മനോഹറും (26) ചേർന്ന് ടീമിനെ പൊരുതാവുന്ന സ്ഥിതിയിൽ എത്തിച്ചു. അഭിനവ് പോയതിനു പിന്നാലെ എത്തിയ തിവാത്തിയ ആക്രണം തന്നെയാണ് നടത്തിയത്. 19 ആം ഓവറിൽ നിന്നും തിവാത്തിയയും പാണ്ഡ്യയും ചേർന്ന് അടിച്ചെടുത്തത് 21 റണ്ണാണ്. മൂന്നു സിക്‌സറുകൾ പറത്തിയ തിവാത്തിയ ടീമിന്റെ പ്രതീക്ഷകൾ വാനോളം ഉയർത്തി.
ഈ പോരാട്ടം അവസാന ഓവറിൽ 12 റൺ മാത്രം മതി എന്ന സ്ഥിതിയിൽ ഗുജറാത്തിനെ എത്തിച്ചു. അവസാന ഓവർ എറിഞ്ഞ ഇഷാന്ത് ശർമ്മ മൂന്നാം പന്തിൽ തിവാത്തിയയെ വീഴ്ത്തി. കൂറ്റനടിയ്ക്കു ശ്രമിച്ച തിവാത്തിയയ്ക്കു പിഴച്ചു. പന്ത് റോസോയുടെ കയ്യിൽ. അവസാന പന്തിൽ ഗുജറാത്തിന് വിജയിക്കാൻ വേണ്ടത് ഏഴു റൺ. ബാറ്റിംങ് എൻഡിൽ റാഷിദ് ഖാനും. പക്ഷേ, അവസാന പന്തിൽ റാഷിദിന് നേടാനായത് രണ്ടു റൺ മാത്രം. ഗുജറാത്തിന് അഞ്ചു റണ്ണിന്റെ തോൽവി…!