കോട്ടയം: മണർകാട് ബൈക്ക് അപകടത്തെ തുടർന്നു യുവാവിനെ ആക്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ വടവാതൂർ ശാന്തിഗ്രാം കോളനിയിൽ രഘുലാലി(24)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ കുത്തേറ്റ പുതുപ്പള്ളി ചിറയിൽ വീട്ടിൽ രഞ്ജു(29) കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലാണ്. രഞ്ജുവിന്റെ പരിക്ക് ഗുരുതരമല്ല. പ്രതി രഘുലാലിനെ പിടികൂടാൻ എത്തിയ പൊലീസ് സംഘത്തെയും ഇയാൾ ആക്രമിച്ചു. എസ്.ഐയെ ആക്രമിച്ച പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ ഇയാൾക്കും പരിക്കേറ്റു. പ്രതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി 10.30 ന് കെ.കെ റോഡിൽ മണർകാട് പെട്രോൾ പമ്പിനു സമീപത്തായിരുന്നു സംഭവം. അമിത വേഗത്തിൽ രഘുലാലും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് പമ്പിൽ നിന്നും പുറത്തേയ്ക്കിറങ്ങി വന്ന രഞ്ജുവിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രഘുലാൽ സഞ്ചരിച്ച ബൈക്ക് റോഡിൽ വീണു. ഈ സമയം അമിത വേഗത്തിൽ എത്തിയ രഘുലാലിനെ രഞ്ജു ചോദ്യം ചെയ്യുകയായിരുന്നു. ഇതേ തുടർന്നാണ് രഘു , രഞ്ജുവിനെ കുത്തി വീഴ്ത്തിയത്. തലയ്ക്കും കഴുത്തിലുമാണ് രഞ്ജുവിന് കുത്തേറ്റിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവത്തിന് ശേഷം രക്ഷപെട്ട പ്രതിയെപ്പറ്റി മണർകാട് പൊലീസ് സംഘത്തിനു വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കണ്ടെത്തിയത്. വടവാതൂർ ശാന്തിഗ്രാം കോളനിയിൽ താമസിക്കുന്ന പ്രതി അക്രമത്തിനു ശേഷം രക്ഷപെടുകയായിരുന്നു. രാത്രി 12 മണിയോടെ വീട്ടിലെത്തിയ പൊലീസ് സംഘം പ്രതിയെ പിടികൂടാൻ ശ്രമിച്ചു. എന്നാൽ, പ്രതി പൊലീസുകാരെ ആക്രമിച്ച ശേഷം രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു. അക്രമത്തിനിടെ പ്രതിയുടെ കഴുത്തിലും മുറിവേറ്റു. പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഞ്ചാവ് വിൽപ്പനയും മോഷണ ശ്രമവും അടക്കം നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയാണ് രഘുലാൽ. കയ്യിൽ കത്തികൊണ്ടു നടക്കുന്ന സ്വഭാവമുള്ള ഇയാൾ മുൻപ് നാട്ടുകാരെ ആക്രമിച്ച് പണം കവർന്ന കേസിലും പ്രതിയാണ്.