കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തില്‍ ആനയെ പാപ്പാന്മാർ ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. മനുഷ്യ- മൃഗ സംഘർഷവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന ഹൈക്കോടതിയിലെ പ്രത്യേക ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. ഗുരുവായൂർ ക്ഷേത്രത്തില്‍ ശീവേലിക്ക് കൊണ്ടുവന്ന ആനയ്ക്ക് ക്രൂരമായ മർദനമേറ്റ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിത നടയ്ക്കിരുത്തിയ കൃഷ്ണ എന്ന ആനയേയും ജൂനിയർ കേശവനെയും പാപ്പാന്മാർ അതിക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങളായിരുന്നു ഇത്. പല ദിവസങ്ങളിലായി മർദ്ദിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.
ഇതിന് പിന്നാലെ മൃഗസ്നേഹികളുടെയടക്കം ഭാഗത്തുനിന്ന് വലിയ പ്രതിഷേധമാണ് ഉയർന്നത്. ഇതിന് പിന്നാലെ സംഭവത്തില്‍ വനംവകുപ്പ് കേസെടുക്കുകയും പാപ്പാൻമാരുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു. ആനകളുടെ പരിക്ക് ഫോറസ്റ്റ് വെറ്ററിനറി ഡോക്ടർമാർ വെള്ളിയാഴ്ച പരിശോധിക്കും. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പാപ്പാൻമാരെ ദേവസ്വം ജോലിയില്‍നിന്ന് മാറ്റി നിർത്തിയിട്ടുണ്ട്. അതേസമയം തണ്ണീർക്കൊമ്പൻ വിഷയവും ഇന്ന് കോടതി പരിഗണിക്കും. തണ്ണീർക്കൊമ്പൻ മരിക്കാനിടയായ സംഭവത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയാണ് ഇന്ന് കോടതി പരിഗണിക്കുന്നത്.