മുംബൈ : ലോകകപ്പ് സെമിയില്‍ ഇന്ത്യ നാളെ ന്യൂസിലന്‍ഡിനെ നേരിടാനിറങ്ങുമ്പോള്‍ ആരാധകരുടെ പ്രതീക്ഷകള്‍ വാനോളമാണ്.ലീഗ് ഘട്ടത്തില്‍ ഒൻപതില്‍ ഒൻപതും ജയിച്ചെത്തുന്ന ടീം ഇന്ത്യയില്‍ നിന്ന് ജയത്തില്‍ കുറഞ്ഞതൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല. എതിരാളികള്‍ എന്നും കണ്ണിലെ കരടായ ന്യൂസിലന്‍ഡാണെന്നത് ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും നിലവിലെ ഫോമില്‍ കിവീസിനെ ചിറകുവിരിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദിക്കില്ലെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
ഈ ലോകകപ്പിലെ അഞ്ചാം മത്സരത്തിനാണ് മുംബൈ വാംഖഡെ സ്റ്റേഡിയം നാളെ വേദിയാവുന്നത്. ഇതുവരെ നടന്ന നാലു കളികളില്‍ മൂന്നിലും ജയിച്ചത് ആദ്യം ബാറ്റ് ചെയ്തവരായിരുന്നു. ഒരു തവണ മാത്രമാണ് രണ്ടാമത് ബാറ്റ് ചെയ്ത ടീം ജയിച്ചത്. അതിനാല്‍ നാളത്തെ സെമിയില്‍ ടോസ് നിര്‍ണായകമാകുമെന്നുറപ്പ്. ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലായിരുന്നു ലോകകപ്പില്‍ മുംബൈയിലെ ആദ്യ മത്സരം. ആ കളിയില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നേടിയത് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സ്. ഇംഗ്ലണ്ടിന്റെ മറുപടി 22 ഓവറില്‍ 170 റണ്‍സിലൊതുങ്ങി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദക്ഷിണാഫ്രിക്കയും ബംഗ്ലാദേശും തമ്മിലായിരുന്നു മുംബൈയിലെ രണ്ടാം മത്സരം. ആ കളിയിലും ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ അടിച്ചെടുത്തത് 382 റണ്‍സ്. ബംഗ്ലാദേശിന്റെ മറുപടി 46.4 ഓവറില്‍ 233 റണ്‍സില്‍ ഒതുങ്ങി.ശ്രീലങ്കയും ഇന്ത്യയും തമ്മിലായിരുന്നു വാംഖഡെ സ്റ്റേഡിയത്തിലെ മൂന്നാം മത്സരം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നേടിയത് 357 റണ്‍സ്. ശ്രീലങ്ക നാണംകെട്ട മത്സരത്തില്‍ ആകെ നേടിയത് 19.4 ഓവറില്‍ 55 റണ്‍സും.
മുംബൈയിലെ ആദ്യ മൂന്ന് കളികളിലും സ്കോര്‍ 350 കടന്നപ്പോള്‍ നാലാം മത്സരത്തില്‍ മാത്രമാണ് രണ്ടാമത് ബാറ്റ് ചെയ്ത ടീം ജയിച്ചത്. അത് പക്ഷെ ഒരു അവിശ്വസനീയ ഇന്നിംഗ്സിന്റെ കരുത്തിലായിരുന്നു. അഫ്ഗാനിസ്ഥാനും ഓസ്ട്രേലിയയും തമ്മിലാണ് ഇവിടെ അവസാനം ഏറ്റുമുട്ടിയത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന് 291 റണ്‍സടിച്ചപ്പോള്‍ 91-7ലേക്ക് കൂപ്പുകുത്തിയ ഓസീസ് ഗ്ലെന്‍ മാക്സ്വെല്ലിന്റെ അവിശ്വസനീയ ഇരട്ടസെഞ്ചുറി മികവില്‍ ജയിച്ചു കയറി.
ഈ കണക്കുകളില്‍ നിന്ന് ഒരു കാര്യം വ്യക്തം. മുംബൈയില്‍ ടോസ് നേടുന്ന ടീം ബാറ്റിംഗ് തെരഞ്ഞെടുക്കുമെന്നുറപ്പ്. അത് ഇന്ത്യയായാല്‍ ആരാധകര്‍ക്ക് കൂടുതല്‍ സന്തോഷം. രണ്ടാമത് ബാറ്റ് ചെയ്യുന്നത് ദുഷ്കരമല്ലെങ്കിലുും പിടിച്ചു നില്ക്കാന് തയാറായാല്‍ മാത്രമെ വിജയം സാധ്യമാവും. ആദ്യം ബാറ്റ് ചെയ്യുന്ന ടീം നേടുന്ന വലിയ സ്കോറിന് മുന്നില്‍ പകച്ചാല്‍ പിന്നെ രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ തകര്‍ന്നടിയുമെന്നത് മുംബൈയിലെ ചരിത്രം.