ബംഗളൂരു: ന്യൂനപക്ഷ വോട്ടുകള്‍ നേരത്തേ തന്നെ ജെഡിഎസ്സില്‍ നിന്ന് കൊഴിഞ്ഞു പോയിരുന്നുവെന്ന് ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി. അത് ബിജെപി സഖ്യം കൊണ്ടുണ്ടായതല്ലെന്നും, ആ വോട്ട് പോയതില്‍ ഖേദമില്ലെന്നും എച്ച് ഡി കുമാരസ്വാമി പറഞ്ഞു. കർണാടകയില്‍ താഴേത്തട്ടില്‍ ജെഡിഎസ് – ബിജെപി പ്രവർത്തകർ തമ്മില്‍ ഒരു പ്രശ്നവുമില്ല. 28-ല്‍ 28 സീറ്റും നേടി എൻഡിഎ സഖ്യം ഇത്തവണ കർണാടക തൂത്തുവാരും. കോണ്‍ഗ്രസ് ഗ്യാരന്റികള്‍ ചെറിയ പ്രതിഫലനമുണ്ടാക്കിയേക്കാം, പക്ഷേ കോണ്‍ഗ്രസിന് വിജയിക്കാനാകില്ല. സർക്കാരിനെതിരെ ജനവികാരം ശക്തമാണെന്നും എച്ച് ഡി കുമാരസ്വാമി പറഞ്ഞു. ബെംഗളുരു റൂറലിലെ ഡോ. സിഎൻ മഞ്ജുനാഥ അടക്കം എല്ലാവരും വൻ ഭൂരിപക്ഷത്തില്‍ വിജയിക്കും. കർണാടകയില്‍ 28-ല്‍ 28 സീറ്റും എൻഡിഎ മുന്നണി നേടും. തെരഞ്ഞെടുപ്പ് തൂത്തുവാരുമെന്നും കുമാരസ്വാമി പറഞ്ഞു.
വിജയിച്ചാല്‍ കേന്ദ്രമന്ത്രിയാകുമോ എന്ന ചോദ്യത്തിന് അത് അപ്പോഴല്ലേ എന്നായിരുന്നു മറുപടി. നിലവില്‍ എല്ലാ സീറ്റുകളിലും വിജയമുറപ്പാക്കുക എന്നതാണ് എന്റെ ലക്ഷ്യം. സ്ത്രീവോട്ടർമാർക്കിടയില്‍ കോണ്‍ഗ്രസ് ഗ്യാരന്റികള്‍ ചെറിയ പ്രതിഫലനമുണ്ടാക്കിയേക്കാം. പക്ഷേ അതൊന്നും വിജയത്തിലെത്താൻ കോണ്‍ഗ്രസിനെ സഹായിക്കില്ല. പല കാര്യങ്ങളിലും നിലവിലെ കോണ്‍ഗ്രസ് സർക്കാരിനെതിരെ എതിർപ്പ് ശക്തമാണ്. മണ്ഡ്യ, കോലാർ പോലുള്ള ന്യൂനപക്ഷങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ നേരത്തേ തന്നെ കൊഴിഞ്ഞുപോക്കുണ്ട്. എൻഡിഎ സഖ്യത്തില്‍ ഞങ്ങളെത്തുന്നതിന് മുമ്ബേ തന്നെ. അതുകൊണ്ട് ഈ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷവോട്ടുകള്‍ കുറയുന്നത് ജെഡിഎസ്സിനെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.