തിരുവനന്തപുരം: ഏഷ്യാ കപ്പില്‍ ടീം ഇന്ത്യ ഇന്ന് അഫ്ഗാനിസ്താനെതിരെ മാനം കാക്കാന്‍ ഇറങ്ങുമ്പോള്‍ നാട്ടില്‍ ഓണാഘോഷത്തിന്റെ നിറവിലാണ് മലയാളി താരം സഞ്ജു സാംസണ്‍. ഭാര്യ ചാരുലതയ്‌ക്കൊപ്പമാണ് താരം ആഘോഷം കെങ്കേമമാക്കിയിരിക്കുന്നത്. ചാരുവിനൊപ്പമുള്ള ചിത്രവും സഞ്ജു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.
ഓണക്കോടിയില്‍ ഡ്രസ്‌കോഡ് പാലിച്ച് ആഘോഷത്തിലും ഒരു മെയ്യും മനസ്സുമാണെന്ന് തെളിയിച്ചിരിക്കുകയാണ് സഞ്ജുവും ചാരുവും. സഞ്ജു മുണ്ടും ഷര്‍ട്ടുമുടുത്തപ്പോള്‍ പാവാടയും ബ്ലൗസുമാണ് ചാരുവിന്റെ കോടി. വീടിന്റെ സിറ്റൗട്ടില്‍ ഇട്ട പൂക്കളത്തിന്റെ മുന്നില്‍നിന്ന് ഇരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. ഇന്റസ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രത്തില്‍ എല്ലാവര്‍ക്കും ഓണാശംസകള്‍ നേര്‍ന്നു താരം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്‍സ്റ്റഗ്രാം കമന്റില്‍ ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവ്, സംവിധായകനും നടനുമായ ബേസില്‍ ജോസഫ്, മലയാളി താരം അസ്ഹര്‍ തുടങ്ങി പ്രമുഖര്‍ തിരിച്ചും ആശംസ നേര്‍ന്നു. ‘ഹാപ്പി ഓണം ചേട്ടാ, ചേച്ചി’ എന്നായിരുന്നു സൂര്യയുടെ ആശംസ.
ഇന്ത്യയുടെ സിംബാബ്‌വേ പര്യടനം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയതാണ് സഞ്ജു. വെസ്റ്റിന്‍ഡീസിനെതിരായ മികച്ച പ്രകടനത്തിനു പിന്നാലെയാണ് സഞ്ജുവിന് സിംബാബ്‌വേയ്‌ക്കെതിരായ ഇന്ത്യന്‍ സംഘത്തിലും ഇടംപിടിച്ചത്. മൂന്നു മത്സരത്തിലും ഇന്ത്യയുടെ വിക്കറ്റ് കാത്ത സഞ്ജു വിക്കറ്റിനു പിന്നിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചിരുന്നത്. കിട്ടിയ അവസരങ്ങളെല്ലാം മുതലെടുത്തെങ്കിലും ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സംഘത്തില്‍ താരത്തിന് ഇടംകിട്ടിയിരുന്നില്ല.
അതേസമയം, ഏഷ്യാ കപ്പില്‍ സഞ്ജു അടക്കമുള്ള താരങ്ങളെ പുറത്തിരുത്തിയ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ നടപടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുകയാണ്. സൂപ്പര്‍ ഫോറില്‍ പാകിസ്താനോടേറ്റ തോല്‍വിക്കു പിന്നാലെ ശ്രീലങ്കയും ഇന്ത്യയ്‌ക്കെതിരെ അട്ടിമറി ജയം നേടിയിരുന്നു. ഇന്നലെ അഫ്ഗാനിസ്താനെ പാകിസ്താന്‍ തോല്‍പിച്ചതോടെ ഫൈനല്‍ കടയ്ക്കാനാകാതെ ഇന്ത്യ നാട്ടിലേക്ക് മടങ്ങുകയാണ്. അഫ്ഗാനെതിരായ മത്സരത്തില്‍ മിന്നും പ്രകടനം കാഴ്ചവച്ച് അഭിമാനം കാക്കാനായിരിക്കും ടീം ഇന്ത്യ ഇന്ന് ലക്ഷ്യമിടുന്നത്.