ഗ്യാങ്ങ്ഷോ : ഏഷ്യൻ ഗെയിംസില്‍ ഇന്ത്യയുടെ വിദ്യാ രാംരാജിന് വെങ്കലം. വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സിലാണ് ഇന്ത്യൻ താരത്തിന്റെ നേട്ടം. 55.68 സെക്കന്റുകൊണ്ടാണ് താരം ഫിനിഷ് ചെയ്തത്. ഈ ഇനത്തില്‍ ബഹ്റൈന് സ്വര്‍ണ്ണവും ചൈന വെള്ളി മെഡലും സ്വന്തമാക്കി. ഏഷ്യൻ ഗെയിംസില്‍ വിദ്യയുടെ രണ്ടാം മെഡലാണിത്. 4×400 മീറ്റര്‍ മിക്സഡ് റിലേയില്‍ വിദ്യ വെള്ളി മെഡലും സ്വന്തമാക്കിയിരുന്നു. മലയാളി താരം മുഹമ്മദ് അജ്മലിനൊപ്പമായിരുന്നു വിദ്യയുടെ നേട്ടം.
ഏഷ്യൻ ഗെയിംസ് 400 മീറ്റര്‍ ഹര്‍ഡില്‍സിന്റെ യോഗ്യതാ റൗണ്ടില്‍ വിദ്യ ദേശീയ റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു. അത്‌ലറ്റിക് ഇതിഹാസം പി ടി ഉഷയുടെ റെക്കോര്‍ഡിനൊപ്പമാണ് 25കാരിയായ വിദ്യ എത്തിയത്. 1984ല്‍ ലോസ് എയ്ഞ്ചല്‍സില്‍ പി ടി ഉഷ സൃഷ്ടിച്ച റെക്കോര്‍ഡിനൊപ്പമാണ് വിദ്യ എത്തിയത്. യോഗ്യതാ റൗണ്ടില്‍ 55.42 സെക്കന്റുകൊണ്ട് ഇന്ത്യൻ താരം ഫിനിഷിങ് പോയിന്റിലെത്തി. ഹീറ്റ്സില്‍ ഒന്നാം സ്ഥാനത്തോടെയാണ് വിദ്യ ഫൈനലിന് യോഗ്യത നേടിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏഷ്യൻ ഗെയിംസില്‍ ഇന്ത്യയുടെ 63-ാം മെഡലാണിത്. 13 സ്വര്‍ണവും 24 വെള്ളിയും 26 വെങ്കലവും ഇന്ത്യൻ താരങ്ങള്‍ ഇതുവരെ നേടി. മെഡല്‍പട്ടികയില്‍ ഇന്ത്യ 4-ാം സ്ഥാനത്ത് തുടരുകയാണ്. ചൈനയാണ് പട്ടികയില്‍ ഒന്നാമത്.