മുംബൈ : സഞ്ജുവും സംഘവും ഹാർദിക് പാണ്ഡ്യയുടെ ബാറ്റിന്റെ ചൂടറിഞ്ഞ മത്സരത്തിൽ രാജസ്ഥാനെതിരെ ഗുജറാത്തിന് വിജയം. ഉജ്വലമായി ബാറ്റ് വീശിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ തന്നെയാണ് സഞ്ജുവിന്റെയും സംഘത്തിന്റെയും പ്രതീക്ഷ തകർത്തത്. സഞ്ജുവിന്റെ ദൗർഭാഗ്യകരമായ റണ്ണൗട്ട് കൂടി എത്തിയതോടെ രാജസ്ഥാൻ ഏറ്റുവാങ്ങിയത് നിർണ്ണായകമായ തോൽവി ആയിരുന്നു. ഇതോടെ ഇത്തവണത്തെ ഐ.പി.എല്ലിൽ ആദ്യം ബാറ്റ് ചെയ്ത ടീം സഞ്ജുവിന്റെ ടീമിനെതിരെ ആദ്യമായി വിജയിച്ചു.
സ്കോർ –
ഗുജറാത്ത് – 192/4
രാജസ്ഥാൻ – 155/9
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് സംഘം ഹാർദിക് പാണ്ഡ്യയുടെ ( 52 പന്തിൽ 87) ഒറ്റയാൾ പോരാട്ടത്തിന്റെ ബലത്തിലാണ് കൂറ്റൻ ടോട്ടൽ പടുത്തുയർത്തിയത്. നാല് സിക്സും എട്ട് ഫോറും പറത്തിയ ഹാർദിക് പുറത്താകാതെ നിന്നു. ക്യാപ്റ്റന് മികച്ച പിൻതുണ നൽകിയ അഭിനവ് മനോഹറും (28 പന്തിൽ 43 ) , ഡേവിഡ് മില്ലറും (14 പന്തിൽ 31 ) ടീമിനെ സേഫ് സോണിൽ എത്തിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സഞ്ജുവിനും സംഘത്തിനും തുടക്കം സേഫ് ആയിരുന്നില്ല. ആദ്യ പന്തിൽ തന്നെ ദേവ്ദത്ത് പടിക്കൽ പുറത്ത്. പിന്നാലെ , വൺ ഡൗണായി ഇറങ്ങിയ അശ്വിനും മടങ്ങി. മാരക ഫോമിൽ ബാറ്റ് വീശിയ ബട്ട്ലറെ ലോക്കി ഫെർഗുൻസൺ ബൗൾഡാക്കി. 24 പന്തിൽ 3 സിക്സും എട്ട് ഫോറും സഹിതം 54 റണ്ണായിരുന്നു ബട്ട്ലറുടെ സമ്പാദ്യം.
11 പന്തിൽ ഒരു സിക്സ് അടക്കം 11 റണ്ണെടുത്ത് പതിയെ താളം കണ്ടെത്തിയ സഞ്ജുവിനെ ഹാർഡിക് എറിഞ്ഞ് വീഴ്ത്തി. ഇതോടെ രാജസ്ഥാൻ ബാറ്റിംങ്ങിന്റെ താളം നഷ്ടമായി. ഹിറ്റ് മയറും പരാഗും പൊരുതി നോക്കിയെങ്കിലും റൺ മല കയറാനുള്ള ആരോഗ്യം ടീമിനില്ലായിരുന്നു. ഇതോടെ പോരാട്ടം അവസാനിപ്പിച്ച് രാജസ്ഥാൻ ബാറ്റും താഴ്ത്തി. ഇതോടെ എട്ട് പോയിന്റുമായി ഗുജറാത്ത് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തി. തോറ്റെങ്കിലും ആറ് പോയിന്റുമായി രാജസ്ഥാൻ മൂന്നാമത് ഉണ്ട്.