ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയ്‌ക്ക് കൃത്യമായ തെളിവുകള്‍ നല്‍കിയിട്ടില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി വിദേശകാര്യമന്ത്രാലയം. ഇന്ത്യയുടെ നയതന്ത്ര പ്രതിനിധികള്‍ക്കെതിരെ കാനഡ ഒരു തെളിവും ഹാജരാക്കിയിട്ടില്ലെന്ന ഇന്ത്യയുടെ നിലപാടിനെ സ്ഥിരീകരിക്കുക മാത്രമാണ് കാനഡ ചെയ്തതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയ്‌ക്കെതിരെ ഒരു തെളിവ് പോലും ഹാജരാക്കാൻ കാനഡയ്‌ക്ക് കഴിഞ്ഞിട്ടില്ലെന്നും, ആരോപണം ഉയർന്നത് മുതല്‍ ഇന്ത്യ ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീർ ജയ്‌സ്വാള്‍ അറിയിച്ചു. ” ഇന്ന് നമുക്ക് കേള്‍ക്കാൻ കഴിഞ്ഞത് ഇന്ത്യ സ്ഥിരമായി പറയുന്ന കാര്യങ്ങളെ അവർ അംഗീകരിച്ചുവെന്നതാണ്. ഇന്ത്യയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച ഒരു ഘട്ടത്തില്‍ പോലും ഒരു തെളിവ് പോലും ഹാജരാക്കാൻ കാനഡയ്‌ക്ക് കഴിഞ്ഞിട്ടില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യയ്‌ക്കും ഇന്ത്യയുടെ നയതന്ത്രപ്രതിനിധികള്‍ക്കുമെതിരെ അവർ ഇത്തരത്തില്‍ തെളിവുകള്‍ ഇല്ലാതെയാണ് സംസാരിക്കുന്നത്. ഇന്ത്യ-കാനഡ ബന്ധത്തില്‍ വിള്ളല്‍ ഉണ്ടാക്കിയതിന്റെ ഏക ഉത്തരവാദി ട്രൂഡോ മാത്രമാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. കാനഡയിലെ ക്രിമിനല്‍ സംഘങ്ങളുമായി ഇന്ത്യയെ ബന്ധിപ്പിക്കാനുള്ള കനേഡിയൻ അധികൃതരുടെ ശ്രമങ്ങള്‍ക്കെതിരെയും ഇന്ത്യ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്.
ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തെളിവുകള്‍ ഇന്ത്യയ്‌ക്ക് കൈമാറിയെന്നായിരുന്നു
ട്രൂഡോ തുടക്കം മുതല്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ തങ്ങള്‍ക്ക് അത്തരത്തില്‍ യാതൊരു തരത്തിലുള്ള തെളിവുകളും ലഭിച്ചിട്ടില്ലെന്ന് ഇന്ത്യയും വ്യക്തമാക്കി. പിന്നാലെയാണ് കൊലപാതകത്തില്‍ ഇന്ത്യയുടെ പങ്ക് തെളിയിക്കുന്ന കൃത്യമായ തെളിവുകള്‍ ഇല്ലെന്ന് ഒട്ടാവയില്‍ നടന്ന ഒരു പരിപാടിയില്‍ ട്രൂഡോ വെളിപ്പെടുത്തിയത്.