പ്രണയദിനത്തിൽ വീണ്ടും വിവാഹിതരായി ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയും നടിയും മോഡലുമായ നടാഷ സ്റ്റാൻകോവിച്ചും. രാജസ്ഥാനിലെ ഉദയ്പുരിലെ ആഡംബര ഹോട്ടലിലായിരുന്നു വിവാഹച്ചടങ്ങുകൾ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽ മുഖ്യ ആകർഷണം ഇരുവരുടേയും മകൻ അഗസ്ത്യയായിരുന്നു.
മൂന്ന് വർഷം മുമ്പാണ് ഹാർദിക്കും നടാഷയും ആദ്യം വിവാഹം ചെയ്തത്. അന്ന് ആരേയും ക്ഷണിക്കാതെ രഹസ്യമായിട്ടായിരുന്നു ചടങ്ങ് നടത്തിയത്. 2020 മെയ് 31-നാണ് ഇവർ വിവാഹ വാർത്ത പുറത്തുവിട്ടത്. പിന്നാലെ ജൂലൈയിൽ ഇരുവർക്കും കുഞ്ഞും പിറന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തൂവെള്ള നിറത്തിലുള്ള ഫുൾ സ്ലീവ് ഗൗണാണ് നടാഷ ധരിച്ചത്. ശാന്തനുവും നിഖിലും ചേർന്നാണ് ഗൗൺ ഒരുക്കിയത്. ഇതിനൊപ്പം പേൾ മാലയും പെയർ ചെയ്തു. കറുപ്പ് സ്യൂട്ട് ആയിരുന്നു ഹാർദിക്കിന്റെ വിവാഹ വസ്ത്രം. ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു വിവാഹം.
വിവാഹചിത്രങ്ങൾ ഹാർദിക് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ‘മൂന്ന് വർഷം മുമ്പ് ഞങ്ങളെടുത്ത പ്രതിജ്ഞകൾ പുതുക്കി സ്നേഹത്തിന്റെ ഈ ദ്വീപിൽ വാലന്റൈൻസ് ദിനം ആഘോഷിച്ചു. ഞങ്ങളുടെ സ്നേഹം ആഘോഷിക്കാൻ കുടുംബവും സുഹൃത്തുക്കളും കൂടെ ഉണ്ടായിരുന്നതിൽ ഞങ്ങൾ അനുഗ്രഹീതരാണ്’-ചിത്രങ്ങൾക്കൊപ്പം ഹാർദിക് കുറിച്ചു.
ഇതിന് താഴെ സെലിബ്രിറ്റകളടക്കം നിരവധി പേരാണ് കമന്റ് ചെയ്തത്. കെഎൽ രാഹുൽ, ശിഖർ ധവാൻ, സാനിയ മിർസ, കീറോൺ പൊള്ളാർഡ്, ഇഷാൻ കിഷൻ, ഉമ്രാൻ മാലിക്ക്, സാക്ഷി സിങ്ങ് ധോനി തുടങ്ങി നിരവധി പേർ ഇരുവർക്കും ആശംസ അറിയിച്ചു.